ലണ്ടൻ: കൊവിഡ് മഹാമാരി ലോകത്തിനു വരുത്തിയ നഷ്ടങ്ങൾ നിരവധിയാണ്. അത് മനുഷ്യരാശിയെ ഏതുവിധത്തിൽ ബാധിച്ചുവെന്നതു സംബന്ധിച്ച് പഠനങ്ങൾ ഒരുവശത്ത് തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെ വന്ന ഒരു പഠന റിപ്പോർട്ട് ലോക്ക്ഡൗൺ കുട്ടികളെ എങ്ങനെ ബാധിച്ചുവെന്ന് സൂചിപ്പിക്കുന്നതാണ്. കത്തിയും ഫോർക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കാൻ കുട്ടികൾ മറന്നുവെന്നാണ് ലണ്ടൻ അടിസ്ഥാനമായുള്ള ഒരു പഠന റിപ്പോർട്ടിൽ പറയുന്നത്. തങ്ങളുടെ ഉള്ളിലെ കഴിവുകൾ പുറത്തെടുക്കാൻ ഈ കൊവിഡ് കാലത്ത് കുട്ടികൾക്ക് കഴിഞ്ഞിട്ടില്ലെന്നും പഠനം സൂചിപ്പിക്കുന്നു. അതുകൊണ്ടു തന്നെ എത്രയും വേഗം സ്കൂളുകൾ തുറക്കണമെന്നും പഴയപോലെ പ്രവൃത്തി ദിനങ്ങൾ ആരംഭിക്കണമെന്നുമാണ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള പോംവഴിയായി റിപ്പോർട്ടിലുള്ളത്. മറ്റുള്ള കുട്ടികളുമായി ഇടപഴകുമ്പോഴാണ് കുട്ടികൾ സഹവർത്തിത്വം കൂടുതലായി മനസിലാക്കുന്നത്. അതിന് സ്കൂളിനെക്കാൾ മികച്ചൊരു ഇൻസ്റ്റിറ്റ്യൂഷൻ ഇല്ലെന്നും പറയുന്നു.
ലോക്ക്ഡൗൺ മൂന്നു തരത്തിലാണ് കുട്ടികളെ ബാധിച്ചതെന്ന് പഠന സംഘത്തിലെ ചീഫ് ഇൻസ്പെക്ടറായ അമാൻഡ സ്പൈൽമാൻ പറയുന്നു. അതിൽ പ്രധാനമാണ് കുട്ടികൾ കത്തിയും ഫോർക്കും ഉപയോഗിക്കാൻ മറന്നുവെന്നതും അമാൻഡ പറയുന്നു. ജീവിതം പഴയപോലെയാകാൻ സമയം വേണ്ടിവരുമെന്ന് പറയുമ്പോഴും അത് കുട്ടികളെ ബാധിക്കാതെ സൂക്ഷിക്കണമെന്ന ഉപദേശവും അമാൻഡ നൽകുന്നുണ്ട്.