dragon-fruits-

വടക്കഞ്ചേരി: കൃഷിയും കൃഷിയിലെ പരീക്ഷണങ്ങളും ചീകോട് തൈപ്പറമ്പിൽ ആന്റണി ജോസഫിന് ആവേശവും സന്തോഷവുമാണ്. സാഹചര്യങ്ങൾ പ്രതികൂലമായാലും 70കാരനായ ആന്റണിയും ഭാര്യ റോസമ്മയും ചേർന്ന് കൃഷി വിജയിപ്പിക്കും. വീടിന് പിന്നിലെ പറമ്പിൽ അരയടി മേൽമണ്ണ് മാത്രമുള്ള പാറപ്പുറത്ത് മറുനാടൻ ഇനമായ ചുവന്ന ഡ്രാഗൺ പഴം കൃഷിയാണ് ഇവരുടെ

പുതിയ പരീക്ഷണ വിജയം

മൂന്നുവർഷം മുമ്പ് തിരുവനന്തപുരം സ്വദേശിയായ സുഹൃത്ത് വിജയന്റെ പക്കൽ നിന്ന് തൈക്കൾ വാങ്ങി നട്ടതാണ്. പാറപ്പുറത്ത് 60 തടങ്ങളിലായി നട്ട 120 തൈകളിൽ നിന്ന് വിളവെടുത്തപ്പോൾ ഒരു തടത്തിൽ നിന്ന് പത്തുമുതൽ 15 കിലോ വരെ ലഭിച്ചു.

കൃഷി വിജയിച്ചതോടെ ഡ്രാഗൺ പഴത്തിന്റെ തൈകളും വിൽക്കുന്നുണ്ട്. ഇതിന് 100 രൂപയാണ് വില. മുറിച്ചു നീക്കാറായ അഞ്ചേക്കർ റബ്ബർ തോട്ടത്തിൽ അടുത്തത് ഡ്രാഗൺ പഴവും കുടംപുളിയും പ്ലാവും കൃഷി ചെയ്യാനാണ് തീരുമാനം. കൃഷി ഭവന്റെ സഹകരത്തോടെ അതിസാന്ദ്രതാ വാഴകൃഷിയും പരീക്ഷിച്ചിരുന്നു.

അയൽ സംസ്ഥാനങ്ങളിലും വിദേശത്തുമായി അരനൂറ്റാണ്ടിലേറെ സ്വകാര്യ മേഖലയിൽ ജോലി ചെയ്ത് 2014ൽ തിരിച്ചെത്തിയ ശേഷമാണ് ആന്റണി കൃഷിയിലേക്കിറങ്ങിയത്. പച്ചക്കറി, റംബൂട്ടാൻ, മുള്ളാത്ത, അഞ്ചിനം പ്ലാവുകൾ, അവക്കാഡൊ, ആപ്പിൾ ചാമ്പ, വിവിധയിനം പേര തുടങ്ങിയവും കൃഷിയിടത്തിലുണ്ട്.

dragon-fruits-

കൃഷിരീതി

അഞ്ചടി ഉയരമുള്ള കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് ഇതിനുചുവട്ടിൽ തടമെടുത്ത് തൈനടും. തൂണിന്റെ മുകളിലായി ഇടത്തരം വലിപ്പമുള്ള പഴയ ടയർ സ്ഥാപിക്കും. ടയറിനുള്ളിലൂടെ ചെടി പടർന്നുകയറും. നീളം കൂടുമ്പോൾ ഇവ വെട്ടിയൊതുക്കണം. ചെടിയിൽ മുള്ളുകളുള്ളതിനാൽ മൃഗങ്ങളുടെ ശല്യമുണ്ടാകില്ല. ചാണകം, കോഴിക്കാഷ്ഠം, എല്ലുപൊടി, ആട്ടിൻകാഷ്ഠം എന്നിവ മാറിമാറി രണ്ടുമാസത്തിലൊരിക്കൽ വളപ്രയോഗം. വേനലിൽ ആഴ്ചയിൽ രണ്ടുതവണ നനയ്ക്കണം. തുള്ളിനനയാണ് പതിവ്. 20 വർഷം വരെ ഒരു ചെടിയിൽ നിന്ന് വിളവെടുക്കാം.

നഗരങ്ങളിൽ ആവശ്യക്കാരേറെയുള്ള ഡ്രാഗൺ പഴം കിലോയ്ക്ക് 300 മുതൽ 450 രൂപ വരെയാണ് വില. വടക്കഞ്ചേരി കൃഷി ഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന ജൈവ വിപണന കേന്ദ്രത്തിൽ കിലോയ്ക്ക് 170 രൂപയ്ക്കാണ് പഴങ്ങൾ വിറ്റത്. നാട്ടിൻപുറങ്ങളിൽ പരിചിതമല്ലാത്ത പഴം പരിചയപ്പെടുത്തുക കൂടിയായിരുന്നു ലക്ഷ്യം. കൃഷിയുടെ തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും പരിചരണം എളുപ്പമാണ്.