തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വർഷത്തെ നേട്ടമായി കൊട്ടിഘോഷിച്ച 'ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്" ഫയലിൽ സുഖനിദ്ര. സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കുന്നതിനായാണ് നിയമം കൊണ്ടുവന്നത്. ആശുപത്രികളും ക്ലിനിക്കുകളും നിയമം അംഗീകരിച്ച് രജിസ്റ്റർ ചെയ്യാത്തതാണ് ഇരുട്ടടിയായത്.
കേന്ദ്ര സർക്കാരിന്റെ 2010ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ മാതൃകയിലാണ് സംസ്ഥാനത്തും നിയമം കൊണ്ടുവന്നത്. 2018 ഫെബ്രുവരി ഒന്നിന് നിയമസഭ കടന്ന നിയമം 2019 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ജനത്തിന് ഗുണകരമായിരുന്ന നിയമം നടപ്പിലാക്കാതെ സർക്കാർ തന്നെ പിൻവലിഞ്ഞു.
അലോപ്പതി, ആയുർവേദം, ഹോമിയോ തുടങ്ങിയ എല്ലാ ചികിത്സാ കേന്ദ്രങ്ങളും നിയമത്തിന്റെ പരിധിയിലുണ്ടായിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ അലോപ്പതിക്കാണ് നിയമം ബാധകമാക്കിയത്. താത്കാലികമായി സ്റ്റാൻഡേർഡ് നോക്കാതെ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണമെന്നും, രണ്ട് വർഷത്തിനുള്ളിൽ ഇവ സ്റ്റാൻഡേർഡ് നേടണമന്നുമായിരുന്നു പറഞ്ഞിരുന്നത്.
നിയമം ഇങ്ങനെ
ആശുപത്രികളെയും ലാബുകളെയും നിയന്ത്രിച്ച് ഫീസ് ഏകീകരിക്കുക
ഡോക്ടർക്ക് പിഴവുണ്ടായാൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ
ദേശീയ അക്രിഡിറ്റേഷനുള്ള വൻകിട ആശുപത്രികളും സർക്കാർ ആശുപത്രികൾക്കും ബാധകമല്ല
താത്കാലിക രജിസ്ട്രേഷനും മൂന്നു വർഷം കൂടുമ്പോൾ പുതുക്കുന്ന സ്ഥിരം രജിസ്ട്രേഷനും
ആദ്യഘട്ടത്തിൽ നിയമം ബാധകമാക്കിയത് അലോപ്പതി വിഭാഗത്തിന്
നിരക്ക് പ്രദർശിപ്പിക്കണം
നിയമം നടപ്പിലായെങ്കിൽ സർക്കാർ നിശ്ചയിക്കുന്ന ചികിത്സാ നിരക്കുൾപ്പെടെയുള്ളവ ജനം ശ്രദ്ധിക്കുന്ന വിധം ആശുപത്രിയിൽ പ്രദർശിപ്പിക്കുമായിരുന്നു. രോഗികളിൽ നിന്ന് പലതരത്തിൽ പണം ഈടാക്കി ഗുണനിലവാരമില്ലാത്ത ചികിത്സ നൽകുന്ന സാഹചര്യവും ഒഴിവാകും. മാനദണ്ഡങ്ങളിൽ നിന്ന് ആശുപത്രികൾ വ്യതിചലിക്കുകയോ നിലവാരമുള്ള ചികിത്സ ലഭ്യമാക്കാതിരിക്കുകയോ ചെയ്താൽ പരാതി നൽകാനാകും. പരാതി ശരിയെന്ന് കണ്ടാൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെ കൗൺസിലിന് നിയമപരമായ അവകാശമുണ്ട്. വ്യാജചികിത്സകരെ അകറ്റുന്നതിനും നിയമം സഹായിക്കുമായിരുന്നു.