esper

വാഷിംഗ്ടൺ: അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്നപോലെയാണ് ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാര്യം. തോൽവിയുട‌െ ദേഷ്യം തീർക്കാൻ ആരുടെ മേക്കിട്ടു കയറണമെന്ന റിസർച്ചിലാണ് ട്രംപ്. പ്രതിരോധസെക്രട്ടറി മാർക്ക് എസ്പറിനെ പുറത്താക്കിയിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. 'മാർക്ക് എസ്‌പറിനെ പുറത്താക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ സേവനത്തിന് എനിക്ക് നന്ദി അറിയിക്കണം" എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്.

എസ്പറിന് പകരം ദേശീയ ഭീകരവിരുദ്ധ സെന്റർ തലവനും മുൻ സ്‌പെഷ്യൽ ഫോഴ്‌സ് ഓഫീസറുമായ ക്രിസ്റ്റഫർ മില്ലറിനാണ് പ്രതിരോധ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകിയിരിക്കുന്നത്. കുറച്ചുകാലമായി ട്രംപും എസ്പറും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലായിരുന്നു എന്ന വിവരങ്ങളാണ് വൈറ്റ് ഹൗസിൽ നിന്നു പുറത്തുവരുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ എതിർത്തതാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയത്. ആഭ്യന്തര പ്രശ്നം നിലനിൽക്കെ തെരുവിൽ അമേരിക്കൻ സൈന്യത്തെ ഇറക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തെയും എസ്പർ ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതിനാൽ പുറത്താക്കൽ നടപടി ട്രംപ് നീട്ടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. സ്ഥാനം ഒഴിയുന്നതിനു മുൻപ് ചൈനയുമായുള്ള ശത്രുത കൂടുതൽ കടുപ്പിക്കുക എന്ന ലക്ഷ്യവും എസ്പറിന്റെ സ്ഥാനത്ത് ക്രിസ്റ്റഫർ മില്ലറിനെ നിയമിച്ചതിലൂടെ ട്രംപ് ഉദ്ദേശിക്കുന്നതായി അറിയുന്നു. തിരഞ്ഞെടുപ്പിലെ തന്റെ തോൽവി ഇതുവരെ അംഗീകരിക്കാത്ത ട്രംപ് പ്രതികാര നടപടികളിലൂടെയാകും തുടർ ഭരണം നടത്തുകയത്രേ. ജനുവരി 20 ഉച്ചവരെ അമേരിക്കയും വൈറ്റ് ഹൗസും തന്റെ കൈയിലാണ് എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. തോൽവിയിലെ ക്ഷീണം ട്രംപ് എങ്ങനെയാകും മാറ്റുകയെന്ന് ഉറ്റുനോക്കുകയാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള അംഗങ്ങൾ.