campaign

തിരുവനന്തപുരം: തുള്ളിക്കൊരു കുടം കണക്കെ പെയ്യേണ്ട കാലവർഷം മാറിനിന്നിട്ടും വെട്ടിത്തിളയ്ക്കേണ്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ചൂട് എങ്ങും കാണാനില്ല. കൊറോണ വൈറസ് വരുത്തിവച്ച കൊവിഡ് എന്ന മഹാമാരി പടരുന്ന വേളയിൽ തിരഞ്ഞെടുപ്പ് ചൂടും രോഗശയ്യയിലാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പ് പ്രഖ്യാപിച്ചിട്ടും ഒരിടത്തും പ്രചാരണത്തിന്റെ ആവേശമൊന്നും കാണാനില്ല. സ്ഥാനാർത്ഥിക്കൊപ്പം മൂന്ന് പേർ മാത്രം പ്രചാരണം നടത്തിയാൽ മതിയെന്ന നിർദ്ദേശമുള്ളതിനാൽ മുൻകാലങ്ങളിലെ ഓളമൊന്നും നാട്ടിൻപുറത്തും നഗരത്തിലും കാണാനില്ല. വരും ദിവസങ്ങളിൽ പ്രചരണം ചൂടേറുമെന്നാണ് കരുതുന്നത്.

നാവങ്കമില്ലാത്ത നാൽക്കവലകൾ

നഗരത്തിലെ തിരക്കേറിയ ജീവിതത്തെക്കാൾ യഥാർത്ഥ നാട്ടങ്കം (തദ്ദേശ തിരഞ്ഞെടുപ്പ്)​ നടക്കുന്നത് ഗ്രാമങ്ങളിലാണ്. നാൽക്കവലകളിലെ ചായക്കടയിലും ബാർബർഷോപ്പിലും മുറുക്കാൻ കടയിലും പെട്ടിക്കടയിലുമെല്ലാം തിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടേറേണ്ടതായിരുന്നു. കട്ടൻചായയ്ക്കും പരിപ്പുവടയ്ക്കുമൊപ്പം ഇത്തിരി രാഷ്ട്രീയം കൂടിയാകുമ്പോൾ നാട്ടങ്കത്തിന്റെ ആവേശം എങ്ങും കൊട്ടിക്കയറുമായിരുന്നു.. പക്ഷേ,​ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ലെന്ന് ജില്ലാകളക്ടറുടെ കർശന നിർദ്ദേശമുണ്ട്.. അതിനാൽ തന്നെ ഒത്തുചേരുന്ന അഞ്ച് പേർ തമ്മിലുള്ള ചർച്ച ചൂട് പിടിക്കാതെ പോകും. അഞ്ച് പേരും സമാന രാഷ്ട്രീയ നിലപാടുള്ളവരാണെങ്കിൽ ചർച്ച പൊളിഞ്ഞതു തന്നെ. അതിനാൽ തന്നെ കടകളിൽ സജീവ രാഷ്ട്രീയ ചർച്ചകളൊന്നും തന്നെയില്ല.

സ്ഥാനാർത്ഥികളെ നേരത്തെ രംഗത്തിറക്കി ഇടതുമുന്നണി ആദ്യ റൗണ്ടിൽ മുന്നിലെത്തിയപ്പോൾ സ്ഥാനാർത്ഥി നിർണയത്തിന്റെ പണിപ്പുരയിലാണ് യു.ഡി.എഫും എൻ.ഡി.എയും. ജില്ലാ പഞ്ചായത്തിലേക്ക് പൂർണമായും കോർപ്പറേഷൻ വാർഡുകളിലേക്ക് 98 ശതമാനവും സ്ഥാനാർത്ഥികളെ എൽ.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി കേവലം ആറ് കോർപ്പറേഷൻ സീറ്റുകളിൽ മാത്രമാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ളത്. ഗ്രാമ- ബ്ലോക്ക് മുനിസിപ്പാലിറ്റികളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ നിറഞ്ഞു. നെടുമങ്ങാട് മുനിസിപ്പാലിറ്റി,നെല്ലനാട് അടക്കമുള്ള ചില പഞ്ചായത്തുകളിൽ മാത്രമാണ് സ്ഥാനാർത്ഥികളാവാത്തത്. സി.പി.എം - സി.പി.ഐ സീറ്റ് ധാരണ ഇവിടെ പൂർണമാകാത്തതാണ് പ്രശ്നം. ഇന്നത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാകുമെന്നാണ് കരുതുന്നത്..

ഇനി സ്ക്വാഡ് പ്രവർത്തനം

സ്ഥാനാർത്ഥി ചിത്രം വ്യക്തമായാൽ കൺവെൻഷനുകൾ നടത്തി സ്‌ക്വാഡ് പ്രവർത്തനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ.വീടുകൾ കയറിയുള്ള പ്രചാരണത്തിന് അഞ്ചുപേരിൽ കൂടരുതെന്ന നിയമമുള്ളതിനാൽ ചുരുക്കം ആളുകളെമാത്രം ഉൾപ്പെടുത്തി സ്‌ക്വാഡുകൾ തുടങ്ങി. സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി ആദ്യ റൗണ്ട് പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് പ്രാദേശിക ഘടകങ്ങൾ. കൂടുതൽ വോട്ടുകളുള്ള കുടുംബങ്ങൾ,പൗരപ്രമുഖർ, സാമുദായിക നേതാക്കൾ എന്നിവരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുന്ന ശ്രമത്തിലാണ് നിലവിൽ സ്ഥാനാർത്ഥികൾ.