തിരുവനന്തപുരം: കരകൗശല വികസന കോർപറേഷനിലെ തീവെട്ടിക്കൊള്ളയ്ക്ക് നേതൃത്വം കൊടുത്തവരിൽ പ്രധാനിയായ എം.ഡി എൻ.കെ. മനോജ് കുമാർ നേരത്തെയും തട്ടിപ്പ് കേസിൽ പ്രതി. കേരള അഗ്രോ വികസന കോർപറേഷൻ (കാംകോ) എം.ഡിയായിരിക്കെ, ആയിരം കോടിയുടെ തട്ടിപ്പിൽ ഇയാൾക്കെതിരെ അന്വേഷണം നടത്തണമെന്ന കൃഷിമന്ത്രിയുടെ നിർദ്ദേശം വിജിലൻസ് പൂഴ്ത്തി. പരാതി വന്നപ്പോൾ, ആറു മാസത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്തെന്ന് മുവാറ്റുപുഴ വിജിലൻസ് കോടതിയെ അറിയിച്ച് തടിയൂരി. 2010 മുതൽ 2015വരെ കാംകോയ്ക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ ആയിരം കോടിയിലധികം വെട്ടിപ്പ് മനോജ്കുമാർ നടത്തിയെന്നാണ് 2016ൽ സി.എ.ജി കണ്ടെത്തിയത്. അവിടെ നിന്ന് മാറ്റിയെങ്കിലും എൽ.ഡി.എഫ് സർക്കാർ ഇയാളെ കരകൗശല വികസന കോർപറേഷൻ എം.ഡിയാക്കി. അമിതമായി സ്വീകരിച്ച തുക തിരിച്ചുപിടിക്കണമെന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ ഉത്തരവ് നിലനിൽക്കെയാണിത്. തട്ടിപ്പിന്റെ പേരിൽ സജി ബഷീറിനെ കെൽപാമിന്റെ എം.ഡി സ്ഥാനത്ത് മാറ്റിയപ്പോൾ ആ ചുമതലയും നൽകി. കരകൗശല തൊഴിലാളികൾക്ക് കിറ്റ് നൽകാനും വിപണികൾ കണ്ടെത്താനും മറ്റുമായി 25.15 കോടിയുടെ വികസന പദ്ധതിയിൽ കേന്ദ്രവിഹിതമായി 2015-16ൽ 9.09 കോടിയും 2017-18ൽ 4.05 കോടിയുമാണ് ലഭിച്ചത്. പതിനായിരം തൊഴിലാളികൾക്ക് പതിനായിരം രൂപയുടെ കിറ്റ് നൽകേണ്ടിടത്ത് നാലായിരം രൂപയുടെ കിറ്റ് 1100 പേർക്കാണ് നൽകിയത്.
സി.എ.ജി വിമർശനം
-ടെൻഡർ വിളിക്കാത 813 കോടിയുടെ സ്പെയർപാർട്സ് വാങ്ങി
-പർച്ചേസ് ഓർഡറിൽ മാറ്റം വരുത്തി 18.34 കോടി നഷ്ടമുണ്ടാക്കി.
-ഇവിടെ ലഭ്യമാകുന്ന സാധനം പുറത്ത് നിന്ന് അനുമതിയില്ലാതെ 36.41 3 കോടിക്ക് വാങ്ങി
-പർച്ചേസ് ഓർഡറിന് വിരുദ്ധമായി 179.35 കോടിയുടെ ഉപകരണം വാങ്ങി 25 കോടി നഷ്ടമുണ്ടാക്കി
-ഉയർന്ന നിരക്കിൽ സാധനങ്ങൾ വാങ്ങി വിതരണക്കാർക്ക് 43.89 കോടി ലാഭമുണ്ടാക്കിക്കൊടുത്തു
- അനാവശ്യ സ്റ്റോക്കുണ്ടാക്കി 25.42 കോടി നഷ്ടം വരുത്തി.
-വിപണി വില പരിശോധിക്കാതെ 15.81 കോടിയുടെ സാധനം വാങ്ങി