gold

കൊച്ചി: ആഭരണപ്രിയർക്കും കച്ചവടക്കാർക്കും ഒരുപോലെ ആശ്വാസം പകർന്ന് സ്വർണവില ഇന്നലെ കുത്തനെ ഇടിഞ്ഞു. കേരളത്തിൽ പവന് 1,200 രൂപ താഴ്‌ന്ന് വില 37,680 രൂപയായി. 150 രൂപ കുറഞ്ഞ് 4,710 രൂപയാണ് ഗ്രാം വില.

കൊവിഡിൽ മറ്റ് നിക്ഷേപമേഖലകൾ പ്രതിസന്ധിയിലായപ്പോൾ, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ, സ്വർണാഭരണങ്ങളിലേക്കല്ല, സ്വർണ ഇ.ടി.എഫുകളിലേക്കാണ് നിക്ഷേപം വൻതോതിൽ ഒഴുകിയത്. എങ്കിലും, സ്വർണത്തിനാകെ വില കുതിച്ചുയരാൻ ഇതു വഴിയൊരുക്കി.

ആഗസ്‌റ്റ് ഏഴിന് പവൻവില എക്കാലത്തെയും ഉയരമായ 42,000 രൂപയിലും ഗ്രാം വില 5,250 രൂപയിലും എത്തിയിരുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് അന്ന് 2,070 ഡോളറിലുമെത്തി. എന്നാൽ, ഇപ്പോൾ കൊവിഡിനെതിരായ വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന വാർത്തകളും അമേരിക്കയിൽ ജോ ബൈഡൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ കൂടുതൽ ഉത്തേജക പദ്ധതികൾ പ്രഖ്യാപിക്കുന്ന സൂചനയും മൂലം ഓഹരി-കടപ്പത്ര വിപണികൾ നേട്ടത്തിലേക്ക് തിരിച്ചുകയറിയത് സ്വർണത്തിന് ക്ഷീണമാകുകയാണ്.

രാജ്യാന്തര വിപണിയിൽ തിങ്കളാഴ്‌ച ഔൺസിന് ഇടിഞ്ഞത് 100 ഡോളറിനുമേലാണ്. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ പത്തുഗ്രാമിന് 2,500 രൂപവരെയും കൂപ്പുകുത്തി. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്നലെ കേരളത്തിലും വില കുറഞ്ഞത്. ദേശീയ വിപണിയിൽ ഇന്നലെ പത്തുഗ്രാമിന് 662 രൂപ താഴ്‌ന്ന് 50,338 രൂപയിലായിരുന്നു വ്യാപാരം. വെള്ളി വില കിലോയ്ക്ക് 1,431 രൂപ കുറഞ്ഞ് 62,217 രൂപയായി.

ആഭരണപ്രിയർക്ക്

ആശ്വാസം

ഉത്സവകാലത്ത് സ്വർണവില കുത്തനെ കുറഞ്ഞത് ആഭരണ പ്രിയർക്ക് ആശ്വാസമാണ്. കച്ചവടം കൂടാൻ ഈ വിലയിടിവ് സഹായിക്കുമെന്ന പ്രതീക്ഷയാണ് ആഭരണ വിതരണക്കാർക്കുമുള്ളത്.