ചൈനീസ് വാക്സിന് തിരിച്ചടി
ന്യൂയോർക്ക്: കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ നിർണായക നേട്ടവുമായി ഫൈസർ മരുന്നു കമ്പനി. ജർമ്മൻ പാർട്ണറായ ബയോൻടെക്കുമായി ചേർന്ന് ഫൈസർ ഒരുക്കിയ 'ബി.എൻ.ടി162 ബി 2" എന്ന കൊവിഡ് വാക്സിൻ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടു. വലിയ രീതിയിൽ ക്ളിനിക്കൽ ട്രയൽ നടത്തി മൂന്നു പരീക്ഷണവും വിജയമാണെന്ന് അവകാശപ്പെടുന്ന ആദ്യ കമ്പനിയാണ് ഫൈസർ. വാർത്ത പുറത്തുവന്നതിന് പിന്നാലെ യൂറോപ്യൻ സ്റ്റോക്ക് മാർക്കറ്റിൽ ഉയർച്ചയുണ്ടായി.
പരീക്ഷണത്തിന് വിധേയമായവരിൽ രണ്ടാമത്തെ രണ്ട് ഡോസ് എടുത്ത് ഏഴ് ദിവസത്തിന് ശേഷവും ഒന്നാമത്തെ ഡോസിന് 28 ദിവസം ശേഷവും രോഗപ്രതിരോധശേഷി നിലനിൽക്കുന്നതായി കണ്ടെത്തിയെന്ന് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ആദ്യഘട്ട ഫലം പുറത്തുവന്നതിന് ശേഷം വാക്‌സിൻ 90 ശതമാനവും വിജയകരമാണെന്ന് ഫൈസർ സി.ഇ.ഒ ആൽബർട്ട് ബൗർല പറയുന്നു.
2020ൽ അഞ്ചുകോടി വാക്സിനും 2021ൽ 130 കോടിയും ആഗോളതലത്തിൽ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പിലും അമേരിക്കയിലും കൊവിഡ് രണ്ടാമതും വ്യാപകമാകുന്നതിനിടെയാണ് ഫൈസർ വാക്സിൻ പരീക്ഷണം വിജയകരമാക്കിയ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കൊവിഡ് പ്രതിരോധ വാക്സിൻ രണ്ടു മാസം മുൻപ് റഷ്യ വികസിപ്പിച്ചതായി അവകാശപ്പെട്ടെങ്കിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. അതും ഫൈസറിന്റെ സാദ്ധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.
തോല്പിക്കാനായി മനഃപൂർവം ചെയ്തതാണിത്: ട്രംപ്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തന്റെ വിജയം തടയുന്നതിന് വേണ്ടി ഫൈസറിന്റെ കൊവിഡ് പ്രതിരോധ വാക്സിൻ 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ഫൈസറും മനഃപൂർവം വൈകിപ്പിക്കുകയായിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ് ആരോപിച്ചു.
'ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ഡെമോക്രാറ്റുകളും തനിക്ക് ഒരു 'വാക്സിൻ വിജയം'ലഭിക്കുന്നത് ആഗ്രഹിച്ചിരുന്നില്ലെന്ന് ട്രംപ് പറയുന്നു. അതിനാൽ തിരഞ്ഞെടുപ്പിന് മുമ്പായി വരേണ്ട പ്രഖ്യാപനം ഉണ്ടായത് തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടാണ്." ട്രംപ് ട്വീറ്റ് ചെയ്തു.
ചൈനീസ് വാക്സിന്റെ പരീക്ഷണം ബ്രസീൽ നിറുത്തി
ചൈനീസ് മരുന്ന് നിർമ്മാതാക്കളായ സിനോവാക് ബയോടെക്കിന്റെ കൊവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നിറുത്തിവച്ച് ബ്രസീൽ. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായതിന് പിന്നാലെയാണ് കൊറോണ വാക്സിന്റെ പരീക്ഷണം രാജ്യം നിറുത്തിയതെന്ന് ആരോഗ്യ നിരീക്ഷണ ഏജൻസി അൻവിസ അറിയിച്ചു. പക്ഷ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. കൊവിഡ് അതിരൂക്ഷമായ രാജ്യമാണ് ബ്രസീൽ. 56 ലക്ഷത്തിലധികം രോഗികളാണ് രാജ്യത്തുള്ളത്. രോഗബാധിതരുടെ എണ്ണത്തിൽ യു.എസിനും ഇന്ത്യയ്ക്കും തൊട്ടുപിന്നിലാണ് ബ്രസീലിന്റെ സ്ഥാനം.