doklam-tunnel

ന്യൂഡൽഹി: ശൈത്യകാലത്തും ദോക്‌ലാമിലേക്ക് സൈനികരെ എത്തിക്കാൻ ചൈന തുരങ്കം നിർമ്മിക്കുന്നുവെന്ന് വെളിപ്പെടുത്തൽ. ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷം ആഗസ്റ്റിൽതന്നെ തുരങ്ക നിർമ്മാണം ഉപഗ്രഹ ചിത്രങ്ങളിൽനിന്ന് വ്യക്തമായിരുന്നു. തുരങ്കത്തിന്റെ നീളം 500 മീറ്റർകൂടി വർദ്ധിപ്പിച്ചുവെന്നാണ് ഒക്ടോബറിലെ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ശൈത്യകാലത്തും റോഡുമാർഗം ദോ‌ക്‌ലാമിലേക്ക് എത്താൻ കഴിയുമെന്ന് ഉറപ്പാക്കാനാണ് ചൈനയുടെ നീക്കമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ശൈത്യകാലത്ത് ദോക്‌ലാം പീഠഭൂമി പൂർണമായും മഞ്ഞുമൂടി കിടക്കുകയാണ് പതിവ്. ആ സമയത്ത് അവിടേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടാണ്
ചൈനയും ഭൂട്ടാനും അവകാശമുന്നയിക്കുന്ന ദോക്‌ലാം പ്രദേശത്തെ റോഡ് നിർമ്മാണത്തെ ചൊല്ലി 2017ൽ ഇന്ത്യൻ സൈന്യവും ചൈനയും നേർക്കുനേർ എത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം 72 ദിവസം നീണ്ടുനിന്നു. ചർച്ചകൾക്ക് ശേഷം റോഡ് നിർമ്മാണം ഉപേക്ഷിച്ചു. ഇതോടെ ഇരു വിഭാഗം സൈനികരും പ്രദേശത്ത് നിന്നും പിൻവാങ്ങുകയായിരുന്നു.