fir

പനജി : ഹിന്ദുമത വിശ്വാസ പ്രകാരം വിവാഹ ശേഷം സ്ത്രീകൾ കഴുത്തിൽ ധരിക്കുന്ന മംഗല്യസൂത്രത്തെ വളർത്തുനായകളുടെ കഴുത്തിലെ തുടലിനോട് സാമ്യപ്പെടുത്തിയ പ്രൊഫസർക്കെതിരെ കേസ്. ഗോവയിലെ ലോ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായ ശില്പ സിംഗിനെതിരെ രാഷ്ട്രീയ ഹിന്ദു യുവ വാഹിനി നേതാവ് രാജീവ് ഝാ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ശില്പ സിംഗിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പേരിലാണ് പരാതി. പോസ്‌റ്റിൽ ശില്പ, ഹിന്ദു, മുസ്ലിം മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാണ് ഝായുടെ ആരോപണം. മംഗല്യസൂത്രം, ബുർഖ എന്നിവ ധരിക്കുന്നതിനെ പറ്റി ശില്പ തന്റെ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.

മംഗല്യസൂത്രം ധരിച്ച സ്ത്രീകളെ വളർത്തുനായകളുടെ കഴുത്തിലെ തുടലിനോടാണ് ശില്പ ഉപമിച്ചത്. ഝായുടെ പരാതിയുടെ അടിസ്ഥാനത്തിൽ മതവികാരം വ്രണപ്പെടുത്തിയതിന് ഐ.പി.സി 295 A പ്രകാരമാണ് ശില്പയ്ക്കെതിരെ കേസെടുത്തത്.

എന്നാൽ തന്റെ ഫേസ്ബുക്ക് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ശില്പ ആരോപിച്ചു. തന്നെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ പ്രചാരണം നടത്തി ജനക്കൂട്ടത്തെ തന്റെ തനിക്കെതിരെ തിരിച്ചെന്നും കാട്ടി ഝായ്ക്കെതിരെ ശില്പ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.