letter

പാരിസ്: പ്രഭാത നടത്തം ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ, പാരീസിലെ ഒരു ദമ്പതികൾ പ്രഭാത നടത്തം കഴിഞ്ഞ് മടങ്ങിയെത്തിയത് ഒരു നിധിയുമായി. 110 വർഷം മുൻപ് ഒരു സൈനികൻ പ്രാവിന്റെ പക്കൽ കൊടുത്തയച്ച സന്ദേശമായിരുന്നു ആ നിധി. ചെറിയ പെട്ടിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കത്ത് ലക്ഷ്യസ്ഥാനത്തെത്താതെ വഴിയിൽ നഷ്ടപ്പെട്ടതാകാമെന്നാണ് വിലയിരുത്തുന്നത്. ജർമൻ ഭാഷയിലെഴുതിയ കത്ത് ഇംഗർഷൈമിലെ സൈനികാസ്ഥാനത്ത് നിന്നാണ് അയച്ചിരിക്കുന്നത്. 1910 നും 16നും ഇടയിലാകണം കത്ത് അയച്ചത്. ആ സമയം ഇംഗർഷൈം ജർമനിക്കു കീഴിലായിരുന്നു. സൈനികതന്ത്രങ്ങളെ കുറിച്ച് സൂചനകൾ ഉള്ള സന്ദേശം സംബോധന ചെയ്തിരിക്കുന്നത് മിലിട്ടറിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെയാണെന്ന് കിഴക്കൻ ഫ്രാൻസിലെ ലിംഗെ മ്യൂസിയം ക്യുറേറ്റർ ഡൊമനിക് ജർഡി പറയുന്നു. അത്യപൂർവമായ കണ്ടുപിടിത്തമെന്നും ജർഡി ഇതിനെ വിശേഷിപ്പിക്കുന്നു. 1914 മുതൽ 18 വരെ നീണ്ടുനിന്ന ഒന്നാം ലോക മഹായുദ്ധത്തിന്റെ ർവശേഷിപ്പുകൾ സൂക്ഷിക്കുന്ന ഓർബേ മ്യൂസിയത്തിൽ ആണ് സന്ദേശം പ്രദർശനത്തിനു വച്ചിരിക്കുന്നത്. കത്തിലെ വിവരങ്ങൾ അറിയാനായി ജർമൻ ഭാഷ വശമുള്ള സുഹൃത്തിന്റെ സഹായവും ക്യുറേറ്റർ ജർഡി തേടിയിട്ടുണ്ട്. സന്ദേശം വായിച്ചെടുത്താൽ അത് ലോകമഹായുദ്ധ ചരിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങളിലേക്കുള്ള വാതിൽ തുറക്കുമെന്നാണ് ജെർഡി പറയുന്നത്.