karthy

ന്യൂഡൽഹി : ബീഹാറിൽ കോൺഗ്രസ് പിന്നോട്ട് പോകുന്നതിനിടെ പാർട്ടിയെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം രംഗത്ത്. കോൺഗ്രസിന്റെ വോട്ട് ശതമാനം കുറയുകയും ബി.ജെ.പിയുടേത് ഉയരുകയും ചെയ്യുന്നതിനെതിരെ ഇ.വി.എം മെഷീനുകളുടെ ക്രമക്കേടാണെന്ന ആരോപണം പൊതുവെ ഉയരുന്നുണ്ട്.

എന്നാൽ ഇ.വി.എം മെഷീനുകളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കേണ്ട സമയമായെന്നാണ് കാർത്തി ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ' തിരഞ്ഞെടുപ്പ് ഫലം എന്തുമാകട്ടെ. ഇ.വി.എം മെഷീനുകളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. എന്റെ അനുഭവത്തിൽ ഇ.വി.എം ഉറപ്പുള്ളതും കൃത്യതയോട് കൂടിയതുമായ സംവിധാനമാണ്. ' കാർത്തി ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പ് ഫലം വിപരീതമാകുമ്പോൾ മിക്ക പാർട്ടികളും ഇ.വി.എമ്മിനെ കുറ്റപ്പെടുത്തുമെന്നും എന്നാൽ ഇതുവരെ അത്തരം ആരോപണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും കാർത്തി കൂട്ടിച്ചേർത്തു. ഇക്കാര്യം പറഞ്ഞുകൊണ്ട് കോൺഗ്രസ് വിമർശനം ഉയർത്തുന്ന വേളയിലാണ് മുൻ കേന്ദ്രമന്ത്രിയുടെ മകൻ ഈ പരാമർശം നടത്തുന്നത്.