bull-stocks

കൊച്ചി: തുടർച്ചയായ ഏഴാംനാളിലും നേട്ടം കുറിച്ച ഇന്ത്യൻ ഓഹരികൾ ഇന്നലെ മുന്നേറിയത് പുതിയ ഉയരത്തിലേക്ക്. 680 പോയിന്റ് കുതിച്ച സെൻസെക്‌സ്, ചരിത്രത്തിൽ ആദ്യമായി 43,000 പോയിന്റ് ഭേദിച്ചു; വ്യാപാരാന്ത്യം സെൻസെക്‌സുള്ളത് 43,277ലാണ്. 170 പോയിന്റുയർന്ന നിഫ്‌റ്റി 12,631ലുമെത്തി; ഇതും റെക്കാഡാണ്.

43,316 വരെ മുന്നേറിയ ശേഷമാണ് സെൻസെക്‌സ് നേട്ടം നിജപ്പെടുത്തിയത്. കൊവിഡിനെതിരായ വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന അമേരിക്കൻ കമ്പനി ഫൈസറിന്റെ വെളിപ്പെടുത്തൽ, ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ കൂടുതൽ ഉത്തേജ നടപടികൾ ഉണ്ടാവുന്ന പ്രതീക്ഷ എന്നിവയാണ് ആഗോള ഓഹരികൾക്ക് കരുത്താകുന്നത്.

ബജാജ് ഫിനാൻസ്, ഇൻഡസ് ഇൻഡ് ബാങ്ക്, എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി., ബജാജ് ഫിൻസെർവ്, എൽ ആൻഡ‌് ടി എന്നിവ ഇന്നലെ 9 ശതമാനത്തോളം മുന്നേറി. അതേസമയം, രൂപ ഇന്നലെ മൂന്നു പൈസ നഷ്‌ടം നേരിട്ടു. ക്രൂഡോയിൽ വില വർദ്ധന, പ്രമുഖ കറൻസികൾക്കെതിരെ ഡോളറിന്റെ നേട്ടം എന്നിവയാണ് രൂപയ്ക്ക് തിരിച്ചടിയായത്. വ്യാപാരാന്ത്യം 74.18 ആണ് രൂപയുടെ മൂല്യം.

₹61,918 കോടി

ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിലുണ്ടായ വർദ്ധന 61,918 കോടി രൂപ. 166.29 ലക്ഷം കോടി രൂപയാണ് ഇപ്പോൾ മൂല്യം.