bihar-elections

ബിഹാറില്‍ ലീഡ് നില മാറിമറിയുകയാണ്. നിലവില്‍ എന്‍ഡിഎ 123 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുത്. മഹാസഖ്യം 113 ഇടങ്ങളിലും മുന്നിട്ടു നില്‍ക്കുന്നു. അന്തിമഫലം അര്‍ധരാത്രിയോടെ മാത്രമെ പുറത്തുവരൂവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനും തിരിച്ചടിയാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ വന്‍ നേട്ടമുണ്ടാക്കി. ബിഹാർ തിരഞ്ഞെടുപ്പിനെകുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്. ബി.ജെ.പിക്ക് വേണ്ടിയുള്ള ചാരപ്പണിയാണ് എ.ഐ.എം.ഐ.എം അസാസുദീൻ ഉവൈസിയും ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ് രാവണും ബിഹാറിൽ വോട്ടുകൾ ഭിന്നിപ്പിച്ചുകൊണ്ട് ചെയ്തതെന്നും പോസ്റ്റ് ആരോപിക്കുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി നോക്കുന്ന കവിതാ ആനന്ദാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു:
'വോട്ടെണ്ണല്‍ തീര്‍ന്നിട്ടില്ലെങ്കിലും എന്‍.ഡി.എ ഭരണമേതാണ്ടുറപ്പിച്ച ബിഹാര്‍ നല്‍കുന്ന പാഠം മൂന്നാണ്.

1. രാജ്യത്തെവിടെയും ബിജെപി വിരുദ്ധ സഖ്യം ജനങ്ങള്‍ക്കിടയില്‍ വിജയിക്കണമെങ്കില്‍ ആ സഖ്യത്തില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പൊടിപോലുമുണ്ടാകരുത്. അവര്‍ വിശ്വാസ്യത നഷ്ടപ്പെട്ട റിസോര്‍ട്ട് രാഷ്ട്രീയ വക്താക്കളാണ്. ഇത്തവണ മത്സരിച്ച 70 സീറ്റില്‍ വിജയിച്ചത്/ലീഡ് നേടിയത് ആകെ 20 എണ്ണത്തിലാണ്.
ഇന്ന് ബിജെപി വിരുദ്ധ സഖ്യത്തില്‍ മത്സരിച്ചു ജയിച്ചാലും നാളെ നാലു പണക്കെട്ടു കണ്ടാല്‍ അതേ ബിജെപിയുടെ പുറകെ വാലാട്ടി പോകുന്നവരാണ് അവരെന്നു അറിയാവുന്ന ജനങ്ങള്‍ അവരെയെങ്ങനെ ജയിപ്പിക്കാനാണ്..!


2. ദളിത് മുസ്‌ളീം സ്വത്വവാദി ഗ്രൂപ്പ് കളിച്ചത് നല്ല നാലാംതരം കളിയാണ്. സംഘികള്‍ക്കെതിരെ നില്‍ക്കുന്നുവെന്ന് തോന്നിപ്പിച്ചു, ദളിത് മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച്, തത്വത്തില്‍ സംഘികളെ സഹായിക്കുന്ന ചാരപ്പണിയെടുക്കലാണ് ഒവൈസിയും മീശപിരി ആസാദും ചേര്‍ന്ന പ്രോഗ്രസ്സിവ് (ഉവ്വ) അലയന്‍സ് ചെയ്തുകൂട്ടിയത്. പറയുമ്പോ ഊണിലും ഉറക്കത്തിലും ഹിന്ദുത്വ തുലയട്ടെ എന്നു ഡയലോഗടിക്കും, എന്നിട്ട് മുസ്ലിം വര്‍ഗീയവാദികളുടെ കൂടെക്കൂടി, മഹാസഖ്യത്തിന് കിട്ടേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിക്കും. നൈസായി ബിജെപിയെ ജയിപ്പിക്കും. പിന്നേം ഹിന്ദുത്വ തുലയട്ടെ എന്നു ഡയലോഗടിച്ചു മീശ നല്ലോണം പിരിച്ചു മോളിലേക്ക് കയറ്റും. പറ്റിയാല്‍ നാലുനില ബില്‍ഡിങിന്റെ മോളീന്നു സ്ലോ മോഷനില്‍ ചാടി ഹീറോയിസവും കാണിക്കും.


3. കഴിഞ്ഞ തവണ നേടിയ മൂന്നില്‍ നിന്നും ഇത്തവണ പത്തൊമ്പതിലേക്ക് ലീഡുയര്‍ത്തിയ ഇടതുപാര്‍ട്ടികള്‍ കാണിച്ചത് അമാനുഷികമായ മാജിക്കൊന്നുമല്ല. കോവിഡ് കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി അവര്‍ നടത്തിയ ഇടപെടലാണ് അവരുടെ വര്‍ധിച്ച സ്വീകാര്യത. പണിയെടുക്കുന്നവര്‍ക്കു വേണ്ടി സംസാരിക്കാനുള്ള കൂട്ടരാരാണെന്നു അവര്‍ തന്നെ തിരിച്ചറിഞ്ഞ മാജിക്ക് മാത്രമാണിത്. തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്ന കാര്യവുമിതാണ്. പിന്നോക്കക്കാരെ ജാതിരാഷ്ട്രീയം പറഞ്ഞ് കൂടെനിന്നു വഞ്ചിച്ച സ്വത്വവാദി പാര്‍ട്ടികളല്ല, ഇനിയൊരു മടങ്ങിവരവില്ലാത്തവണ്ണം പണക്കൊതിയുടെ പളപളപ്പില്‍ ക്ഷയിച്ചു ദ്രവിച്ചുപോകുന്ന കോണ്‍ഗ്രസുമല്ല, എത്ര കെടുത്താന്‍ ശ്രമിച്ചാലും സ്വയമൊടുങ്ങാതെ കത്തിനില്‍ക്കുന്ന വര്‍ഗരാഷ്ട്രീയം തന്നെയാണ് പ്രതീക്ഷ..!'