poozhikunnu

തിരുവനന്തപുരം: പാപ്പനംകോടിനടുത്ത് പൂഴിക്കുന്നിൽ നിന്നുളള പടക്കം ഒഴിവാക്കിക്കൊണ്ടുളള ഒരു ദീപാവലിയെപ്പറ്റി തലസ്ഥാന വാസികൾക്ക് ചിന്തിക്കാനാവില്ല. വെടിക്കെട്ടെന്നും പടക്കമെന്നും കേട്ടാൽ പൂഴിക്കുന്നിനെ ഓർക്കാത്തവർ ചുരുക്കമായിരിക്കും. ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ പൂഴിക്കുന്നിലെ പടക്ക വിപണി സജീവമായിരിക്കുകയാണ്.

നിരനിരയായി ധാരാളം കടകൾ. അവിടങ്ങളിലെല്ലാം വൻതിരക്കും. വരും ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാനായി പലരും നേരത്തെയെത്തി പടക്കം വാങ്ങി മടങ്ങുകയാണ്. പൂഴിക്കുന്നിന്റെ പടക്കപ്പെരുമയറിഞ്ഞ് ജില്ലയ്‌ക്കകത്ത് നിന്നും പുറത്തുനിന്നുമായി ദീപാവലി നാളുകളിൽ ആയിരക്കണക്കിന് ആളുകളാണ് എല്ലാ വർഷവും ഇവിടെയെത്തുന്നത്. ഇക്കുറിയും ആ കാഴ്ചകൾക്ക് മാറ്റമില്ല.

സ്ഥിരം പടക്ക കടകൾക്ക് പുറമെ പൂഴിക്കുന്നിലെ ദീപാവലി സ്‌പെഷ്യൽ പടക്ക കടകൾ ഒരാഴ്ചയ്ക്ക് മുമ്പെ തുറന്നു. അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ പതിനഞ്ചോളം പടക്ക വിതരണ കേന്ദ്രങ്ങളുണ്ട് പൂഴിക്കുന്നിൽ. കൊവിഡ് മാനദണ്ഡമനുസരിച്ചാണ് എല്ലായിടത്തും കച്ചവടം പൊടിപൊടിക്കുന്നത്. അതേസമയം, മഹാമാരി പടക്കവിപണിയെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് വിൽപ്പനക്കാർ പറയുന്നു.

ആശാനായിരുന്ന ഗോവിന്ദനാണ് വർഷങ്ങൾക്ക് മുമ്പ് പടക്കപ്പെരുമയിലൂടെ പൂഴിക്കുന്നിനെ പ്രശസ്‌തമാക്കിയത്. ഗോവിന്ദനാശാൻ മരിച്ചതോടെ അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് മക്കളായ മണിയനാശാനും ശശിയാശാനും പടക്കവിപണിയിലും കമ്പക്കെട്ടിലും സജീവമായി. ഇരുവരുടെയും മക്കളാണ് ഇപ്പോൾ ആശാന്മാരുടെ പെരുമ പിന്തുടരാൻ രംഗത്തുള്ളത്.

പുതുമയുള്ള ഇനങ്ങളുമായാണ് ഇത്തവണയും പൂഴിക്കുന്നിലെ പടക്ക വിപണി ഒരുങ്ങിയിരിക്കുന്നത്. ചൈനീസ് ഇനങ്ങൾക്കൊപ്പം ഇന്ത്യൻ നിർമ്മിതമായ വിവിധ ഫാൻസി ഇനങ്ങളാണ് വിൽപനയ്ക്കെത്തിയിട്ടുളളത്. എന്നാൽ, ഇവിടെത്തന്നെ നിർമ്മിക്കുന്ന 'പടാപടാ' പൊട്ടുന്ന നാടൻ പടക്കങ്ങളാണ് പൂഴിക്കുന്നിലെ ഹൈലൈറ്റ്. പൊട്ടാതെ പോകുന്ന പടക്കങ്ങൾ വളരെ കുറവായിരിക്കും എന്നതും പ്രത്യേകതയാണ്. അതാണ് പൂഴിക്കുന്ന് പടക്കങ്ങൾക്ക് ഡിമാന്റ് കൂട്ടുന്നത്. ഓലപ്പടക്കവും മാലപ്പടക്കവും തുടങ്ങി വ്യത്യസ്ത ഇനങ്ങളുണ്ടിവിടെ.

ശിവകാശിയിൽ ലഭിക്കുന്ന ഇനങ്ങൾ അതേവിലയ്ക്ക് ഹോൾസെയിലായും റീട്ടെയിലായും പൂഴിക്കുന്നിൽ ലഭിക്കും. ഹോളി കാർട്ടൂൺ, വിസിൽസ്, ക്രേസി ബൂം, ടൈറ്റാനിക്ക്, ഒമ്പത് വർണങ്ങളിലുള്ള പതിനഞ്ച് സെന്റിമീറ്റർ നീളമുളള കമ്പിത്തിരികൾ, പവർ പോട്ട് തുടങ്ങിയവയും ഫൺ ഫന്റാസ്റ്റിക്ക്, പുക മലിനീകരണമില്ലാത്ത ഫാൻസി പടക്കങ്ങളും നാടൻ പടക്കങ്ങളും എറി പൊട്ടാസ്, ആകാശത്ത് പോയി ഏഴു തവണ പൊട്ടുന്ന ഏഴ് നിറത്തിലുളള പടക്കം, പൊട്ടിക്കഴിഞ്ഞാൽ മാലിന്യം ശേഷിക്കാത്ത മാലപ്പടക്കം തുടങ്ങിയ വൈവിദ്ധ്യമായ ഇനങ്ങളുടെ ശേഖരമുണ്ട് പൂഴിക്കുന്ന് ആശാന്മാരുടെ പക്കൽ.

തറച്ചക്രം, ഫയർ പെൻസിൽ, റോക്കറ്റ്, ചെറിയ ശബ്‌ദത്തോടെ പൊട്ടുന്ന കുരുവി വെടി എന്നിവ‌യ്ക്കും ആവശ്യക്കാർ ഏറെയാണ്. പടക്കങ്ങളെക്കാൾ വൈവിദ്ധ്യമാർന്ന ഫാൻസി ഇനങ്ങൾ വാങ്ങാനും തിരക്കേറെയാണ്. ദേവീ ഫയർ വർക്‌സ്, ചാമുണ്ഡി ഫയർ വർക്‌സ് ഉൾപ്പടെ നിരവധി കടകളുണ്ട് പൂഴിക്കുന്നിൽ. സ്‌റ്റാൻഡേർഡ്, ലക്ഷ്മി, കാളീശ്വരി, വടിവേൽ, സോണി തുടങ്ങിയ കമ്പനികളുടെ പടക്കങ്ങളും പൂഴിക്കുന്നിൽ കിട്ടും.