nattakan-chantham

ഷാർജ: വനിതാ ഐ.പി.എൽ ഫൈനലിനിടെ ഒരൊറ്റ ഡൈവ് കൊണ്ട് ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ ഹൃദയംകീഴടക്കിയിരിക്കുകയാണ് ചാമ്പ്യൻടീമായ ട്രെയ്ൽ ബ്ലെയ്സേഴ്സിന്റെ തായ് താരം നട്ടകാൻ ചന്തം. സൂപ്പർ നോവാസിന്റെ ബാറ്റിംഗിനിടെ സോഫി എക്ലൈറ്റ്സൺ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലായിരുന്നു ചന്തത്തിന്റെ വിസ്മയ സേവ് പിറന്നത്. സൂപ്പർ നോവ ഓപ്പണർ ജെമൈമ റോഡ്രിഗസിന്റെ ബാറ്രിൽ നിന്ന് തേഡ്മാൻ ബൗണ്ടറിയിലേക്ക് പന്തുരുളുമ്പോൾ ഷോർട്ട് തേഡ്മാനിലായിരുന്നു ചന്തം. 100 മീറ്ററിലോടുന്ന സ്‌പ്രിന്ററെപ്പോലെ പിന്നാലെ കുതിച്ച ചന്തം ബൗണ്ടറി ലൈന് തൊട്ടരികിൽ വച്ച് അക്രോബാറ്റിക് മികവ് വിളിച്ചോതുന്ന ഡൈവിലൂടെ പന്ത് തടഞ്ഞിടുകയായിരുന്നു. നേരേ മുന്നോട്ട് ഡൈവ് ചെയ്താൽ ബൗണ്ടറി തടയാനാകില്ലെന്ന് ഉറപ്പിച്ച ചന്തം അല്പം മുകളിലോട്ട്ചാടിയാണ് അസാമാന്യ മെയ്‌വഴക്കത്തോടെ പന്ത് ബൗണ്ടറി കടക്കുന്നത് തടഞ്ഞത്. അവിടം കൊണ്ടും തീർന്നില്ല ചന്തത്തിന്റ ഫീൽഡിംഗ് വൈഭവം. ഒമ്പതാമത്തെ ഓവറിലെ മൂന്നാം പന്തിൽ ദീപ്തി ശർമ്മയ്ക്കെതിരെ വമ്പനടിക്ക് ശ്രമിച്ച ജമൈമയെ കവർ പോയിന്റിൽ അതിമനോഹരമായ ക്യാച്ചിലൂടെ പുറത്താക്കി ബ്ലെയ്‌സേഴ്സിന് മേൽക്കൈ നൽകാനും ചന്തത്തിനായി.

ചന്തത്തിന്റെ തകർപ്പൻ ഫീൽഡിംഗിനെ പ്രശംസകൊണ്ട് മൂടുകയാണ് താരങ്ങളും ആരാധകരുമെല്ലാം. അസോസിയേറ്ര് രാജ്യമായ തായ്‌ലൻഡിൽ നിന്ന് വനിതാ ഐ.പി.എല്ലിൽ ഇടം നേടിയ ഒരേ ഒരു താരമായചന്തത്തിന്റെ മാസ്മര സേവും വിസ്മയ ക്യാച്ചും സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് വൈറലായത്. പ്രമുഖ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ സോഷ്യൽ മീഡിയയിൽ ചന്തത്തിന് പ്രശംസ കൊണ്ട് മൂടി. ചില്ലറക്കാരിയല്ല ചന്തം. വനിതാ ട്വന്റി-20 ലോകകപ്പിൽ അർദ്ധസെഞ്ച്വറി നേടിയ ആദ്യ തായ് താരമാണ് ഈ ഇരുപത്തിനാലുകാരി.

തായ്‌ലൻഡിൽ ക്രിക്കറ്റ് മത്സരങ്ങൾ ലൈവായി കാണാൻ സജ്ജീകരണങ്ങളില്ലാത്തതിനാൽ ഹൈലൈറ്റ്സും ഇൻസ്റ്റഗ്രാം യൂട്യൂബ് അപ്ഡേറ്റുകളും കണ്ടാണ് ചന്തത്തെപ്പോലുള്ള താരങ്ങൾ ഉയർന്നു വരുന്നത്. കഠിനാധ്വാനത്തിലൂടെ വനിതാ ട്വന്റി-20 ലോകകപ്പിൽ സാന്നിധ്യമറിയിച്ച തായ്‌ലൻഡ് ടീമിന്റെ കൈകൂപ്പിയുള്ള അഭിവാദ്യങ്ങളും എതിർ ടീമംഗങ്ങൾക്ക് നൽകിയ ബഹുമാനവും അന്നു തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഡ്രസിംഗ് റൂമിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്നയാൾ ചന്തമാണ്. ഒന്നു പു‌‌ഞ്ചിരിക്കാൻ പോലും പലരും വിമുഖത കാട്ടുന്ന ഈ കാലഘട്ടത്തിൽ എപ്പോഴും ചിരിച്ച മുഖവുമായേ അവളെ കാണാനാകൂ. അത് തന്നെയാണ് വലിയകാര്യം. അവൾക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാനായതിൽ അഭിമാനമുണ്ട്. നീ സമ്മാനിച്ച മനോഹര മുഹൂർത്തങ്ങൾക്കും ഇവിടെ കളിക്കാൻ വന്നതിനും ഒരുപാട് നന്ദി ചന്ദം.

മത്സര ശേഷം ട്രെയ്ൽ ബ്ലെയ്സേഴ്താരം

ജുലൻ ഗ്വോസാമി പറഞ്ഞത്