യാംഗൂൺ: മ്യാൻമറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഓങ് സാങ് സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി തന്നെ വിജയിച്ചുവെന്ന അവകാശവുമായി പാർട്ടി നേതാക്കൾ രംഗത്തെത്തി. ഞായറാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലം തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തങ്ങൾ തന്നെ അധികാരത്തിൽ തുടരുമെന്നാണ് പാർട്ടി വക്താക്കൾ അറിയിക്കുന്നത്. ഇരു സഭകളിലുമായി 642 അംഗങ്ങളുള്ള പാർലമെന്റിൽ 322 സീറ്റുകൾ വിജയിച്ചുവെന്നാണ് എൽ.എൽ.ഡി അവകാശപ്പെട്ടിരിക്കുന്നത്. വർഷങ്ങൾ നീണ്ട പട്ടാള ഭരണം അവസാനിച്ച ശേഷം വരുന്ന രണ്ടാമത്തെ പൊതു തിരഞ്ഞെടുപ്പാണിത്. 2015ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സൂചിയുടെ പാർട്ടി തന്നെയാണ് അധികാരത്തിൽ എത്തിയത്. രോഹിങ്ക്യൻ മുസ്ളിംങ്ങൾക്കു നേരെയുണ്ടായ അതിക്രമങ്ങൾ രാജ്യാന്തര തലത്തിൽ സൂചിയെ വിമർശന വിധേയയാക്കിയെങ്കിലും അതൊന്നും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്നാണ് അറിയുന്നത്.