കാബൂൾ: പഠിച്ച് ജോലിക്ക് പോയ വീട്ടമ്മയ്ക്ക് നഷ്ടമായത് തന്റെ രണ്ട് കണ്ണുകൾ. അഫ്ഗാനിസ്ഥാനിലെ മദ്ധ്യഗസ്നിയിലുള്ള 33കാരിയായ ഖത്തേരയ്ക്കാണ് ദുർവിധി. ഖത്തേര ചെയ്ത തെറ്റ് ക്രൈം ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥയായി ജോലി നോക്കി എന്നതായിരുന്നു. കുറച്ചു ദിവസം മുൻപാണ് ബൈക്കിലെത്തിയ മൂന്നംഗ അക്രമി സംഘം ഖത്തേരയ്ക്കു നേരെ വെടിയുതിർക്കുകയും കണ്ണു രണ്ടും കുത്തിയെടുക്കുകയും ചെയ്തത്. സംഭവത്തിനു പിന്നിൽ താലിബാൻ ഭീകരസംഘമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ ജോലി ചെയ്ത് ജീവിക്കണമെന്നാണ് ഖത്തേര ആഗ്രഹിച്ചത്. എന്നാൽ, മകളുടെ ഇഷ്ടത്തിന് ഒപ്പം നിൽക്കാൻ പിതാവ് ശ്രമിച്ചില്ല. വിവാഹശേഷം ഭർത്താവാണ് ഖത്തേരയുടെ ആഗ്രഹങ്ങൾക്ക് പിന്തുണ ഏകിയത്. പൊലീസിൽ ജോലിയും കിട്ടി. എന്നാൽ, മകൾ ജോലിക്ക് പോകുന്നത് വീട്ടുകാർക്ക് അംഗീകരിക്കാനായില്ല. തന്നെ തടയുന്നതിനായി പിതാവ് താലിബാൻ ഭീകര സംഘത്തെ സമീപിച്ചുവെന്നാണ് ഖത്തേര തന്നെ അഭിമുഖങ്ങളിൽ വ്യക്തമാക്കുന്നത്. പലപ്പോഴും ഞാൻ ഡ്യൂട്ടിക്ക് പോകുമ്പോൾ പിതാവ് എന്നെ പിന്തുടർന്നിരുന്നു. പ്രദേശത്തെ താലിബാൻ നേതാക്കളെ കണ്ട് ഞാൻ ജോലിക്ക് പോകുന്നത് തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്റെ ഐഡന്റിറ്റി കാർഡിന്റെ പകർപ്പും അദ്ദേഹം അവർക്ക് കൊടുത്തു. ഞാൻ അക്രമിക്കപ്പെട്ട ദിവസം മുഴുവൻ ഞാൻ എവിടെയാണെന്ന് അറിയുന്നതിനായി പിതാവ് വിളിച്ചുകൊണ്ടേയിരുന്നുവെന്നും ഖത്തേര പറയുന്നു. ഖത്തേരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ മാതാവ് ഉൾപ്പെടെയുള്ളവർ മകൾക്കെതിരായി. പ്രാണ
ക്ഷാർത്ഥം അഞ്ചു മക്കളുമായി ഒളിവിൽ കഴിയുകയാണ് ഖത്തേരയും ഭർത്താവും. എന്നെങ്കിലും തനിക്ക് കണ്ണിന്റെ കാഴ്ച തിരികെ ലഭിച്ചാൽ വീണ്ടും ജോലിക്ക് പോണമെന്നാണ് ഖത്തേരയുടെ ആഗ്രഹം.
തങ്ങൾക്ക് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും കുടുംബ പ്രശ്നം ആയതിനാൽ ഇടപെടാതിരുന്നതാണെന്നുമാണ് താലിബാൻ നേതാക്കളുടെ വാദം.