മൈസൂരു: അഞ്ചുവർഷത്തെ പ്രണയ സാഫല്യമായി, ഈമാസം 22ന് സ്വപ്നജീവിതത്തിന് ശുഭമുഹൂർത്തം കുറിച്ചവർ, പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ കുട്ടവഞ്ചി മറിഞ്ഞ് കാവേരി നദിയിൽ മുങ്ങിമരിച്ചു. പ്രതിശ്രുത വധൂവരൻമാരും മൈസൂരു ക്യാതമാരണഹള്ളി സ്വദേശികളുമായ ചന്ദ്രു(28), ശശികല(20) എന്നിവരുടെ വേർപാട് നാടിനെയാകെ സങ്കടക്കടലിലാഴ്ത്തി. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.
22ന് നടക്കേണ്ട വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടിനായാണ് ഇരുവരും ബന്ധുക്കൾക്കും ഫോട്ടോഗ്രാഫർക്കുമൊപ്പം ടി നരസിപുർ താലൂക്കിലെ തലക്കാട് എത്തിയത്. ആദ്യം ബന്ധുക്കൾക്കൊപ്പം ഇരുവരും മുഡുക്കുത്തോരെ മല്ലികാർജുന സ്വാമി ക്ഷേത്രം സന്ദർശിച്ചു. ശേഷം രണ്ട് കുട്ടവഞ്ചിയിലായി മറുകരയിലുള്ള റിസോർട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
കരയിൽനിന്ന് 30 മീറ്റർ സഞ്ചരിച്ച ശേഷം ഇരുവരും കുട്ടവഞ്ചയിൽ ഫോട്ടോയ്ക്കായി പോസ് ചെയ്യവേ, ഹൈഹീൽ ചെരുപ്പിട്ട ശശികല നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രു ശശികലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടവഞ്ചി പൂർണമായി മറിഞ്ഞു. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവും വള്ളം തുഴഞ്ഞിരുന്ന മത്സ്യത്തൊഴിലാളിയും പുഴയിലേക്ക് വീണു. മത്സ്യത്തൊഴിലാളി സ്വയം നീന്തി രക്ഷപ്പെട്ടു. ബന്ധുവിനെ മറ്റുള്ളവർ രക്ഷപ്പെടുത്തി.
എന്നാൽ ഏറെനേരം തെരച്ചിൽ നടത്തിയിട്ടും ചന്ദ്രുവിനെയും ശശികലയെയും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പൊലീസും മുങ്ങൽവിദഗ്ദ്ധരും സ്ഥലത്തെത്തി.
ഒടുവിൽ വൈകിട്ട് 4.30ഓടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹത്തെ കെട്ടിപ്പുണർന്ന് അലമുറയിടുന്ന ബന്ധുക്കളുടെ ദൃശ്യങ്ങളും സാമൂഹികമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. തലക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.