ന്യൂയോർക്ക്: കഴിഞ്ഞ ഒന്നര വർഷമായി മറഞ്ഞിരുന്ന ഗ്രേറ്റ് വൈറ്റ് ഷാർക്കിനെ കണ്ടെത്തി. യു.എസിന്റെ കിഴക്കൻ തീരപ്രദേശത്താണ് കാതറൈൻ എന്ന സ്രാവിനെ കണ്ടെത്തിയത്. തെക്കൻ കാരലൈനയ്ക്കു സമീപത്തായി 2019 മെയ് മാസത്തിലാണ് കാതറൈനെ കാണാതായത്. ഒന്നര വർഷത്തോളമായി കാതറൈനെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലാത്തതിനെ തുടർന്ന് ഗവേഷകർ ആശങ്കയിലായിരുന്നു.
സ്രാവിന്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്രാൻസ്മിറ്ററിന്റെ സഹായത്തിലാണ് അത് ജലോപരിതലത്തിലെത്തിയ വിവരം ലഭിച്ചത്. 2013ൽ മസാച്യുസെറ്റ്സിലെ കേപ് കോഡിൽ വച്ചാണ് കാതറൈന്റെ ശരീരത്തിൽ ട്രാൻസ്മിറ്റർ ഘടിപ്പിച്ചത്. അഞ്ചു വർഷം മാത്രം വാലിഡിറ്റിയുള്ള ട്രാൻസ്മിറ്റിൽ നിന്ന് ഏഴു വർഷത്തിനു ശേഷവും കൃത്യമായ വിവരം ലഭിച്ചത് അസാധാരണമാണെന്ന് മത്സ്യ നിരീക്ഷണ രംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കി.
2013 ന് ശേഷം 1,700 വ്യത്യസ്ത സ്ഥലങ്ങളിൽ കാതറൈൻ എത്തിയതായാണ് ട്രാൻസ്മിറ്ററിൽ നിന്നു ലഭിക്കുന്ന വിവരം. ടാഗ് ഘടിപ്പിച്ച ശേഷം 37,000 മൈലുകൾ സമുദ്രത്തിലൂടെ കാതറൈൻ സഞ്ചരിച്ചു. ഉപരിതലത്തിലേക്കു വരാതെ സമുദ്രത്തിന്റെ അടിത്തട്ടിൽ ദീർഘനാൾ കഴിയുന്നതിന് ഗ്രേറ്റ് വൈറ്റ് ഷാർക്കുകൾക്ക് സാധിക്കും. ഗ്രേറ്റ് വൈറ്റ് സ്രാവുകളുടെ ജീവിതത്തെക്കുറിച്ച് പഠിക്കാനായാണ് കാതറൈന്റെ ശരീരത്തിൽ ടാഗ് ഘടിപ്പിച്ചത്. 14 അടിയിലധികം നീളമുള്ള കാതറിന് സ്വന്തമായി ഒരു ട്വിറ്റർ പേജും 62000 ഫോളോവേഴ്സുമുണ്ട്.