ലണ്ടൻ: പ്രശസ്തമായ ലണ്ടനിലെ മാഡം തുസാഡ്സ് മ്യൂസിയത്തിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രതിമയ്ക്ക് മേക്കോവർ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റതിന് തൊട്ടുപിന്നാലെ ട്രംപിന്റെ പ്രതിമയിൽ അണിയിച്ചിരുന്ന കടുംനീല സ്യൂട്ട് മ്യൂസിയം അധികൃതർ മാറ്റി. പകരം ട്രംപിന്റെ പ്രിയ വിനോദമായ ഗോൾഫ് കളിക്കാരന്റെ വേഷമാണ് ധരിപ്പിച്ചത്. പോളോ ടീ ഷർട്ട്, ഗോൾഫ് ട്രൗസർ, തൊപ്പി എന്നിവ ധരിച്ച പ്രതിമയുടെ ചിത്രം മ്യൂസിയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. "ട്രംപ് തന്റെ പ്രിയപ്പെട്ട കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയമായി " എന്ന കാപ്ഷനോടു കൂടി നൽകിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രതിമ മെലിഞ്ഞുപോയി , മെഴുക് തികഞ്ഞില്ലേ? തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്കു കീഴിലെത്തുന്നത്. ഇതാദ്യമായാണ് മെഴുകു പ്രതികമളിൽ വസ്ത്രത്തിന്റെ മേക്കോവർ നടത്തുന്നത്.