അംഗാര: ഒന്ന് കുളിച്ചതേ എമ്രെ സെയാർക്ക് ഓർമ്മയുള്ളൂ. ജോലിയും പോയി ജോലി നോക്കിയിരുന്ന പ്ളാന്റും പൂട്ടി. കക്ഷി കുളിച്ചത് വെള്ളത്തിലല്ല പാലിലാണ്. പാൽ നിറച്ചുവച്ച വലിയ പാത്രത്തിൽ എമ്രെ കിടന്ന് കുളിക്കുന്നതും പാൽ കോരി തലയിൽ ഒഴിക്കുന്നതിന്റെയും വീഡിയോ സുഹൃത്തും സഹപ്രവർത്തകനുമായ ഉഗുർ തുർഗട്ട് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇരുവരും തുർക്കിയിലെ സെൻട്രൽ അനറ്റോലിയൻ പ്രവിശ്യയായ കൊന്യയിലെ ഡയറി പ്ലാന്റിലാണ് ജോലി നോക്കുന്നത്. വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധം ഉയർന്നു. തുടർന്ന് രണ്ടു ജീവനക്കാരെയും അറസ്റ്റ് ചെയ്യുകയും പ്ളാന്റ് പൂട്ടാൻ ഉത്തരവിടുകയും ചെയ്തു. ഉഗുർ തുർഗട്ടിനെ പിരിച്ചുവിട്ടതായി ഡയറി പ്ലാന്റ് അധികൃതർ അറിയിച്ചു. കൂടാതെ, എമ്രെ മുങ്ങിക്കുളിച്ചത് പാലില്ലെന്നും അത് വെള്ളവും ക്ലീനിംഗ് ദ്രാവകവും ചേർന്ന മിശ്രിതത്തിലാണെന്നും പറഞ്ഞ് കമ്പനി രംഗത്തെത്തിയെങ്കിലും വിമർശനം അടങ്ങിയില്ല. സംഭവത്തെക്കുറിച്ച് കൊന്യ അഗ്രികൾച്ചറൽ ആൻഡ് ഫോറസ്ട്രി മാനേജർ അലി എർഗിൻ അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ് ഫാക്ടറി അടച്ചുപൂട്ടിയത്. ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്ന സാഹചര്യങ്ങളിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. കമ്പനിക്ക് പിഴ ചുമത്തിയെന്നും അധികൃതർ അറിയിച്ചു.