ചെന്നൈ: ജഡ്ജി ജസ്റ്റിസ് കർണന്റെ വീഡിയോകൾ ബ്ളോക്ക് ചെയ്യാൻ ഫേസ്ബുക്ക്, യൂട്യൂബ്, വാട്‌സ്ആപ്പ് എന്നീ സമൂഹമാദ്ധ്യമങ്ങളോട് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.
സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രമുഖ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോകൾ പങ്കുവച്ചതിനെ തുടർന്നാണിത്.
സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാർ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് കർണൻ വീഡിയോയിൽ ആരോപിച്ചത്. വനിതാ ജീവനക്കാരുടെ പേരുകളും വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ തമിഴ്നാട് ബാർ കൗൺസിൽ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് വിധി. ചെന്നൈ സൈബർ സെൽ കർണനെതിരെ എടുത്ത കേസിൽ എന്തു നടപടിയെടുത്തുവെന്നറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. കേസ് അടുത്തമാസം 16 ന് വീണ്ടും പരിഗണിക്കും