ന്യൂഡൽഹി : ആർ.ജെ.ഡിയും കോൺഗ്രസും നയിക്കുന്ന മഹാസഖ്യം ബീഹാറിൽ പിന്നിലാണെങ്കിലും അപ്രതീക്ഷിത കുതിച്ചുകയറ്റത്തോട്ടെ മഹാസഖ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഇടതുപക്ഷം. വൻ വീഴ്ചകൾക്ക് ശേഷം ഇടതുപക്ഷത്തിന്റെ ശക്തമായ തിരിച്ചുവരവാണ് ബീഹാറിൽ പ്രകടമാകുന്നത്. 29 സീറ്റുകളിലാണ് ബീഹാറിൽ ഇത്തവണ ഇടതുപക്ഷം മത്സരിച്ചത്.
ഇതിൽ 18 ഇടങ്ങളിലും ഇടതുപക്ഷം മുന്നിലാണ്. ബീഹാറിലെ മുന്നേറ്റം ഇടതുനേതാക്കൾക്കിടെയിൽ വലിയ ആത്മവിശ്വാസമാണുണ്ടാക്കുന്നത്. മഹാസഖ്യത്തിലെ പ്രമുഖരായ കോൺഗ്രസിനേക്കാൾ മുന്നേറ്റം ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നും പ്രകടമാകുന്നുണ്ട്. കേരളത്തിലുൾപ്പെടെ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഇത് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.
19 സീറ്റുകൾ ലഭിച്ച സി.പി.ഐ എം.എൽ 11 ഇടത്താണ് മുന്നിൽ. ഇതിൽ മൂന്നെണ്ണം സിറ്റിംഗ് സീറ്റാണ്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിനേക്കാൾ 8 സീറ്റുകൾ ഇത്തവണ സി.പി.ഐ എം.എൽ പിടിച്ചെടുത്തു. സി.പി.എം 5 സീറ്റിലും സി.പി.ഐ 6 സീറ്റിലും ഇത്തവണ മത്സരിച്ചു. ഇതിൽ സി.പി.എം 4ലും സി.പി.ഐ 3ലും വീതം സീറ്റുകളിൽ ആധിപത്യം പ്രകടമാണ്. 2015ൽ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ഇരുകൂട്ടർക്കും നേടാനായിരുന്നില്ല.
ത്രിപുരയിൽ ഉൾപ്പെടെ നേരിട്ട കനത്ത തിരിച്ചടിയ്ക്ക് ശേഷം ബീഹാറിൽ പ്രകടമാകുന്ന തിരിച്ചുവരവ് കർഷകർക്കും ദളിത് ഗോത്ര വിഭാഗങ്ങൾക്കിടെയിലും സ്വാധീനം ചെലുത്താനായതിന്റെ ഫലമാണെന്നും അധികം വൈകാതെ ആ സ്വാധീനം കെട്ടുറപ്പിക്കാനാകും എന്ന പ്രതീക്ഷയിലുമാണ് ഇടതുപക്ഷം. ബീഹാറിലുണ്ടാക്കുന്ന ചലനം ദേശീയ തലത്തിലും പുതിയ വാതിലുകൾ തുറക്കാൻ ഇടതുപക്ഷത്തിന് വഴിയൊരുക്കും.
70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 20 ഇടങ്ങളിലേക്ക് ചുരുങ്ങിയതും ഇടതുപക്ഷ ക്യാമ്പിനെ സംബന്ധിച്ചിടത്തോളം ഗുണം ചെയ്യും. കോൺഗ്രസ് ദുർബലമാകുന്നതോടെ മഹാസഖ്യത്തിനുള്ളിൽ ഇടതുപക്ഷത്തിന് നിർണായകമായ സ്വാധീനം രൂപപ്പെടുത്താൻ സാധിക്കുമെന്ന വഴിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
അതേ സമയം, ഭരണവിരുദ്ധ വികാരവും മഹാസഖ്യത്തിന്റെ ഭാഗമായതുമാണ് ഇടതുപക്ഷത്തിന് ബീഹാറിൽ ജനപിന്തുണ വർദ്ധിക്കാൻ കാരണമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2015ൽ സി.പി.ഐ 91, സി.പി.ഐ.എം.എൽ 98, സി.പി.എം 38 എന്നിങ്ങനെ സീറ്റുകളിലാണ് മത്സരിച്ചത്. 90ലധികം സീറ്റുകളിൽ അന്ന് മത്സരിച്ച ഇടതുപക്ഷമാണ് ഇന്ന് മത്സരിച്ച 29 സീറ്റുകളിൽ നിന്നും 18ൽ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.