modi-sco

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ.) വെർച്വൽ ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

എസ്.സി.ഒ അംഗങ്ങളായ രാജ്യങ്ങൾ അയൽ രാജ്യങ്ങളുടെ പരമാധികാരവും, പ്രദേശിക സമഗ്രതയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്നും ഉഭയകക്ഷി പ്രശ്നങ്ങൾ എസ്.സി.ഒയിൽ ഉന്നയിക്കാൻ ചില കോണുകളിൽനിന്ന് ഉണ്ടാകുന്ന ശ്രമങ്ങൾ നിർഭാഗ്യകരമാണെന്നും സംഘടനയുടെ പൊതുധാരണകൾക്കും ആദർശത്തിനും എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാശ്‌മീർ വിഷയം വീണ്ടും ഉച്ചകോടിയിൽ ഉന്നയിക്കാൻ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ശ്രമം നടന്നതിന് പിന്നാലെയാണിത്.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു മോദിയുടെ വിമർശനം. റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിനായിരുന്നു അദ്ധ്യക്ഷൻ.

ഉഭയകക്ഷി പ്രശ്നങ്ങൾ അനാവശ്യമായി എസ്.സി.ഒ അജൻഡയിൽ ഉൾപ്പെടുത്താൻ ചിലർ നടത്തുന്ന അനാവശ്യ ശ്രമങ്ങൾ ദൗർഭാഗ്യകരവും എസ്.സി.ഒ ചാർട്ടറിന് വിരുദ്ധവുമാണെന്ന് മോദി പറഞ്ഞു. സമാധാനത്തിലും സുരക്ഷയിലും വികസനത്തിലുമാണ് ഇന്ത്യ അടിയുറച്ച് വിശ്വസിക്കുന്നത്. ഭീകര പ്രവർത്തനങ്ങൾ, ആയുധങ്ങളുടെയും മയക്കുമരുന്നിന്റെയും കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്‌ക്കെതിരെ ഇന്ത്യ എക്കാലത്തും ശബ്ദമുയർത്തിയിട്ടുണ്ട്. എസ്.സി.ഒ ചാർട്ടർ അനുസരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ എക്കാലത്തും പ്രതിജ്ഞാബദ്ധമാണ്. ലോകത്ത് ഏറ്റവും കൂടുതൽ വാക്സിൻ നിർമ്മിക്കുന്ന രാജ്യമായ ഇന്ത്യ, കൊവിഡ് വാക്സിൻ നിർമാണത്തിലും വിതരണത്തിലും മാനവരാശിയെ സഹായിക്കാൻ മുന്നിലുണ്ടാവും. കൊവിഡ് മഹാമാരിക്കിടൈ 150 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ അവശ്യ മരുന്നുകൾ എത്തിച്ചുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

യു.എൻ പുനഃക്രമീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പ്രധാനമന്ത്രി ആവർത്തിച്ചു. 'യു.എൻ 75 വർഷം പൂർത്തിയാക്കിയിരിക്കുന്നു. നിരവധി വിജയങ്ങൾ കൊയ്തുവെങ്കിലും അടിസ്ഥാന ലക്ഷ്യം ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ലോകത്തെ സാമ്പത്തികമായും സാമൂഹ്യമായും ദുരിതത്തിലാക്കിയ മഹാമാരി യു.എൻ. സംവിധാനത്തിലും സമൂല മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും" അദ്ദേഹം പറഞ്ഞു.