പാട്‌ന:ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മുന്നിൽ നിന്നിരുന്ന എന്‍.ഡി.എയുടെ ലീഡ് നില കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. 25 ശതമാനം വോട്ടെണ്ണൽ ബാക്കി നിൽക്കുന്ന സംസ്ഥാനത്ത് തിരിച്ചുവരിന്റെ പ്രതീക്ഷയിലാണ് ഇതോടെ മഹാസഖ്യം. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് എന്‍.ഡി.എ 119 സീറ്റുകളിലും എം.ജി.ബി 116 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
ഇതോടെ അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം നേടിയ അഞ്ച് സീറ്റ് ബിഹാറിൽ സർക്കാർ രൂപീകരിക്കുന്നതിന് നിര്‍ണായകമാകും. ബി.എസ്.പി, ആര്‍.എല്‍എസ്.പി എന്നിവരുമായി സഖ്യം രൂപീകരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്.
എഐഎംഐഎം നേടിയ മുസ്ലീം വോട്ടുകള്‍ ആര്‍.ജെ.ഡി – കോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കേണ്ടതായിരുന്നുവെന്നും പറയപ്പെടുന്നു. അതേസമയം, ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ് അർദ്ധരാത്രിയോടെ വോട്ടെണ്ണൽ പൂർത്തിയായാൽ മാത്രമെ സംസ്ഥാനത്ത് ആര് ഭരണത്തിൽ വരുമെന്നതിന് വ്യക്തത ലഭിക്കുകയുള്ളു.
അമ്പതോളം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയിലാണ്. ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. ബിഹാർ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല.
മത്സരിച്ച 70 സീറ്റുകളില്‍ 19 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം നേടാനായത്. എന്നാൽ ഇടതുപക്ഷ പാർട്ടികൾ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. സി.പി.ഐ.എം.എല്‍ പന്ത്രണ്ടിടത്തും സി.പി.ഐ.എം മൂന്നിടത്തും സി.പി.ഐ രണ്ട് സീറ്റിലും ലീഡ് ചെയ്യുകയാണ്.