arham

അഹമ്മദാബാദ്: ഏറ്റവും പ്രായം കുറഞ്ഞ പ്രോഗ്രാമർ എന്ന ഗിന്നസ് റെക്കാർഡ് സ്വന്തമാക്കി ആറുവയസുകാരൻ. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ അർഹാം ഓം തൽസാനിയ എന്ന രണ്ടാം ക്ലാസുകാരനാണ് പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജിൽ കഴിവു തെളിയിച്ചത്. മൈക്രോസോഫ്റ്റ് പരീക്ഷയും പാസായി.

അർഹാമിനെ അച്ഛൻ ഓം തൽസാനിയയാണ് കോഡിംഗ് പഠിപ്പിച്ചത്.
'അച്ഛൻ എന്നെ കോഡിംഗ് പഠിപ്പിച്ചു. രണ്ടു വയസ്സായപ്പോൾ ഞാൻ ടാബ്ലെറ്റ് ഉപയോഗിച്ച് തുടങ്ങി. മൂന്ന് വയസ്സിൽ ഐ.ഒ.എസ് വിൻഡോസ് സാങ്കേതിക വിദ്യകളെക്കുറിച്ച് പഠിച്ചു. പിന്നീടാണ് പൈതോൺ പ്രോഗ്രാമിംഗ് ലാംഗ്വേജിലാണ് അച്ഛൻ ജോലി ചെയ്യുന്നതെന്ന് മനസ്സിലായത്.' അർഹാം പറഞ്ഞു.

'പൈത്തോണിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കുമ്പോൾ ഞാൻ ചെറിയ വീഡിയോ ഗെയിമുകൾ നിർമ്മിക്കുകയായിരുന്നു. എന്റെ വർക്കുകളുടെ തെളിവ് അവർ ആവശ്യപ്പെട്ടു. കുറച്ച് നാളുകൾക്ക് ശേഷം എന്റെ കഴിവുകളെ അംഗീകരിക്കുകയും ഗിന്നസ് വേൾഡ് റെക്കാഡ് സമ്മാനിക്കുകയും ചെയ്തു.' അർഹാം വ്യക്തമാക്കി.

ഭാവിയിൽ പ്രശസ്തനായ ബിസിനസ് സംരഭകൻ ആകണമെന്നാണ് ആഗ്രഹം. എല്ലാവരെയും സഹായിക്കണം. ആപ്പുകൾ, ഗെയിമുകൾ, കോഡിംഗിന് ആവശ്യമായ പുത്തൻ സാങ്കേതികവിദ്യകൾ എന്നിവ വികസിപ്പിക്കണമെന്നും അർഹാം ആഗ്രഹിക്കുന്നു. അർഹാമിന്റെ അച്ഛൻ സോഫ്ട്‌വെയർ എൻജിനീയറാണ്. ചെറുപ്പം മുതലേ മകന് ഇലക്ട്രോണിക് ഉപകരണങ്ങളോട് പ്രത്യേക താത്പര്യമുണ്ടായിരുന്നതായി അച്ഛൻ പറയുന്നു.