npa

മുംബയ്: കൊവിഡ് കാലത്ത് കിട്ടാക്കടം കുതിച്ചുയർന്നേക്കുമെന്ന പ്രവചനങ്ങളെ പൊളിച്ചെഴുതി ബാങ്കുകളുടെ ജൂലായ്-സെപ്‌തംബർപാദ പ്രവർത്തനഫലക്കണക്ക്. നിഷ്‌ക്രിയ ആസ്‌തി (എൻ.പി.എ) അഥവാ കിട്ടാക്കടം സെപ്‌തംബർപാദത്തിൽ 7.7 ശതമാനമായി കുറഞ്ഞുവെന്ന് കെയർ റേറ്റിംഗ്‌സിന്റെ റിപ്പോർട്ട് വ്യക്തമാക്കി.

ഏപ്രിൽ-ജൂൺപാദത്തിൽ കിട്ടാക്കടനിരക്ക് 7.9 ശതമാനവും ജനുവരി-മാർച്ചിൽ 8.2 ശതമാനവും ആയിരുന്നു. ഐ.ഡി.ബി.ഐ ബാങ്കിന്റേതുൾപ്പെടെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ജൂൺപാദത്തിലെ 10.2 ശതമാനത്തിൽ നിന്ന് കഴിഞ്ഞപാദത്തിൽ 9.7 ശതമാനമായി മെച്ചപ്പെട്ടു. ഒട്ടേറെ ത്രൈമാസങ്ങൾക്ക് ശേഷമാണ് പൊതുമേഖലാ ബാങ്കുകൾ 10 ശതമാനത്തിന് താഴെ കിട്ടാക്കടം രേഖപ്പെടുത്തുന്നത്.

സ്വകാര്യ ബാങ്കുകളുടെ കിട്ടാക്കടനിരക്ക് 5.5 ശതമാനത്തിൽ അഞ്ചു ശതമാനത്തിലേക്കും കുറഞ്ഞിട്ടുണ്ട്. കൊവിഡ്, ലോക്ക്ഡൗൺ പശ്‌ചാത്തലത്തിൽ മാർച്ച് മുതൽ ആഗസ്‌റ്റുവരെയുള്ള കാലയളവിലെ വായ്‌പാ തിരിച്ചടവുകൾക്ക് റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇക്കാലയളവിൽ വായ്‌പകൾ കിട്ടാക്കടമായി തരംതിരിക്കരുതെന്നും നിർദേശമുണ്ടായിരുന്നു.

ഇതാണ്, കഴിഞ്ഞപാദത്തിൽ കിട്ടാക്കട നിരക്ക് കുറയാൻ കാരണം. വായ്‌പകളുടെ തിരിച്ചടവ് പുനരാരംഭിക്കുന്ന മുറയ്ക്ക് കിട്ടാക്കടത്തിന്റെ യഥാർത്ഥസ്ഥിതി വ്യക്തമാകുമെന്നും കെയർ റേറ്റിംഗ്‌സ് സൂചിപ്പിച്ചു.

കഴിഞ്ഞപാദത്തിൽ കിട്ടാക്കടത്തിൽ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത് കൊൽക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്കാണ്; 14.4 ശതമാനത്തിൽ നിന്ന് 11.6 ശതമാനത്തിലേക്കാണ് കിട്ടാക്കടം മെച്ചപ്പെട്ടത്.

ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, ജമ്മു ആൻഡ് കാശ്‌മീർ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയും മികച്ച നേട്ടമുണ്ടാക്കി. കോട്ടക് മഹീന്ദ്ര ബാങ്ക്, എസ്.ബി.ഐ., ബന്ധൻ ബാങ്ക് എന്നിവ 0.10 ശതമാനം വരെ നേട്ടം മാത്രം കുറിച്ചു.