റാവൽപ്പിണ്ടി: സിംബാബ്‌വെയ്ക്കെതിരായ ട്വന്റി-20 പരമ്പര പാകിസ്ഥാൻ 3-0ത്തിന് തൂത്തുവാരി. ഇന്നലെ നടന്ന മൂന്നാം ട്വന്റി-20യിൽ പാകിസ്ഥാൻ 10 വിക്കറ്രിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസാണ് എടുത്തത്. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ 15.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തി (130/2). 33 പന്തിൽ 4 ഫോറും 1 സിക്സും ഉൾപ്പെടെ ഓപ്പണർ അബ്ദുള്ള ഷഫീഖും 15 പന്തിൽ 3 വീതം സിക്സും ഫോറും ഉൾപ്പെടെ 36 റൺസുമായി ഖുഷ്ദിൽ ഷായും പുറത്താകാതെ നിന്നു. നേരത്തേ ഉസ്മാൻ ഖാദിറിന്റെ ബൗളിംഗാണ് സിംബാബ്‌വെ ബാറ്റിംഗ് നിരയെ തകർത്തത്. സിംബാബ്‌വെ സൂപ്പർ താരം എൽട്ടൺ ചിഗുംബുരയുടെ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ഇത്. ഈ പരമ്പരയോടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ചിഗുംബര നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിടവാങ്ങൽ മത്സരത്തിൽ ചിഗുംബുര രണ്ട് റൺസെടുത്ത് പുറത്തായി. സിംബാബ്‌വെയ്ക്കായി 14 ടെസ്റ്രുകളും 213 ഏകദിനങ്ങളും 55 ട്വന്റി-20 മത്സരങ്ങളും ചിഗുംബുര കളിച്ചിട്ടുണ്ട്. ടെസ്‌റ്റിൽ 21.07 ശരാശരിയിൽ നാല് അർദ്ധ സെഞ്ചുറികളടക്കം 569 റണ്ണും 21 വിക്കറ്റുമെടുത്തു. ഏകദിനത്തിൽ 25.23 ശരാശരിയിൽ രണ്ട് സെഞ്ച്വറികളും 19 അർദ്ധ സെഞ്ച്വറികളും അടക്കം 4340 റണ്ണും 101 വിക്കറ്റുകളുമെടുത്തു. ട്വന്റി-20യിൽ 3 അർദ്ധ സെഞ്ച്വറികളുൾപ്പെടെ 893 റൺസും 16 വിക്കറ്രും സ്വന്തമാക്കി.