പാട്‌ന: ബിഹാർ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനിടെ സർക്കാർ രൂപീകരിക്കുന്നതിനായി നിർണായക യോഗം ചേർന്ന് എൻ.ഡി.എ. ഇതിന്റ ഭാഗമായി മുഖ്യമന്ത്രി നിതീഷ് കുമാർ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിവരികയാണ്.
ഉപമുഖ്യമന്ത്രി സുശീൽ മോദി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ, ജെ.ഡി.യുവിന്റെ മുതിർന്ന നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക് എത്താനുള്ള സാദ്ധ്യതയെ തുടർന്ന് യോഗം നീളുന്നതായാണ് സൂചന. സമാനമായ സാഹചര്യം തന്നെയാണ് ആർ.ജെ.ഡിയുടെ ക്യാമ്പിലും നടക്കുന്നത്. ലീഡ് നില ഉയർന്നതോടെ സർക്കാർ രൂപികരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മഹാസഖ്യമുള്ളത്.നിലവിൽ എൻ.ഡി.എ 122,എം.ജി.എ 114 മറ്റുള്ളവർ ഏഴ് എന്നിങ്ങനെയാണ് ലീഡ് നില.
243 നിയമസഭാ സീറ്റുകളുള്ള ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ 71 നിയോജകമണ്ഡലങ്ങളിൽ ഒക്ടോബർ 28 ന് വോട്ടെടുപ്പ് നടന്നു. അതിനുശേഷം രണ്ടാം ഘട്ടത്തിൽ 94 സീറ്റുകൾക്കും മൂന്നാം ഘട്ടത്തിൽ 78 സീറ്റുകൾക്കും വോട്ടെടുപ്പ് നടന്നു. 122 സീറ്റുകള്‍ നേടുന്ന പാർട്ടിയ്ക്ക് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനാകും.