അടുത്തിടെയാണ് നടനും മോഡലുമായ മിലിന്ദ് സോമൻ തന്റെ ജന്മദിനത്തിൽ ഗോവയിലെ ബീച്ചിലൂടെ നഗ്നനായി ഓടി വിവാദം സൃഷ്ടിച്ചത്. താരത്തിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിലടക്കം വിമർശനങ്ങളുടെ പെരുമഴയുമുണ്ട്. മിലിന്ദിന്റെ നഗ്ന ഫോട്ടോ പകർത്തിയ ഭാര്യ അങ്കിത കോൺവാറിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലും വിമർശനങ്ങൾ ഉയരുന്നുണ്ട്.
അങ്കിതയുമായുള്ള വിവാഹം തന്നെ മിലിന്ദിന് ഏറെ വിമർശനങ്ങൾ നേടിക്കൊടുത്തിരുന്നു. അതിന് കാരണം ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം തന്നെയായിരുന്നു. ഇരുവരും തമ്മിൽ 26 വയസിന്റെ വ്യത്യാസമാണുള്ളത്.ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ അച്ഛനും മകളുമാണോ എന്നതുൾപ്പെടെയുള്ള പരിഹാസങ്ങളാണ് ഇരുവർക്കും കിട്ടിക്കോണ്ടിരിക്കുന്നത്. 2018 ലായിരുന്നു മിലിന്ദിന്റെയും അങ്കിതയുടേയും വിവാഹം.
മിലിന്ദിനെതിരെ കേസെടുത്തതിന് പിന്നാലെ നിരവധി പേരാണ് മിലിന്ദിന് ജന്മദിനാശംസകൾ നേർന്ന് അങ്കിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങൾക്ക് താഴെ വിമർശനങ്ങളുമായെത്തിയത്. ബീച്ചിലൂടെ നഗ്നനായി ഓടിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മിലിന്ദ് സോമനെതിരെ പൊലീസ് കേസെടുത്തിരുന്നു. അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന വകുപ്പ് പ്രകാരമാണ് മിലിന്ദിനെതിരെ കേസെടുത്തത്.
'എന്റെ ഹൃദയവും ആത്മാവുമായ ആൾക്ക് പിറന്നാൾ ആശംസകൾ. എന്റെ അസ്ഥിത്വത്തിന്റെ എല്ലാ തന്മാത്രകളോടും കൂടി നിങ്ങളെ സ്നേഹിക്കുന്നു. എല്ലാ ദിവസവും നിങ്ങൾ എനിക്ക ആഘോഷം തന്നെയാണ്. ' മിലിന്ദിന്റെ പിറന്നാളിന് അങ്കിത തന്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചതിങ്ങനെയാണ്. മിലിന്ദുമായുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു അങ്കിതയുടെ പോസ്റ്റ്.
തന്റെ അമ്പത്തിയഞ്ചാം പിറന്നാൾ ദിനമായ നവംബർ നാലിനാണ് അദ്ദേഹം ഗോവയിലെ ബീച്ചിലൂടെ നഗ്നനായി ഓടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'ഹാപ്പി ബെർത്ത് ഡേ ടു മീ, 55 റണ്ണിംഗ്' എന്ന അടിക്കുറിപ്പോടെയായിരുന്നു മിലിന്ദ് ഫോട്ടോ ട്വീറ്റ് ചെയ്തത്. ഇതിന് മുന്‍പും നഗ്നനായുള്ള ചിത്രങ്ങള്‍ മിലിന്ദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.