ദുബായ്: ഐ.പി.എൽ കിരീടത്തിൽ അഞ്ചാം തവണയും മുംബയ് ഇന്ത്യൻസ് മുത്തമിട്ടു. നിലവിലെ ചാമ്പ്യൻമാർകൂടിയായ മുംബയ് ഇന്നലെ നടന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് കീഴടക്കിയാണ് അഞ്ചാം തവണയും കിരീടാവകാശികളായത്. അഞ്ച് തവണ ഐ.പി.എൽ ചാമ്പ്യൻമാരാകുന്ന ആദ്യ ടീമാണ് മുംബയ്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടിക്കിറങ്ങിയ മുംബയ് നായകൻ രോഹിത് ശർമ്മയുടെ അർദ്ധസെഞ്ച്വറിയുടേയും (51 പന്തിൽ 68), ഇഷാൻ കിഷന്റെ (പുറത്താകാതെ 19 പന്തിൽ 33) തകർപ്പൻ ബാറ്റിംഗിന്റേയും പിൻബലത്തിലാണ് അനായാസം വിജയ തീരത്തെത്തിയത് (157/5). രോഹിതിന്റെ ഇന്നിംഗ്സിൽ 5 ഫോറും 4 സിക്സും ഉൾപ്പെടുന്നു. ഇഷാൻ 3 ഫോറും 1 സിക്സും നേടി. ഡൽഹിക്കായി നോർട്ട്‌ജെ 2 വിക്കറ്റ് വീഴ്ത്തി. രോഹിതും ഡികോക്കും (20) ചേർന്ന് മികച്ച തുടക്കാമാണ് മുംബയ്ക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 4.1ഓവറിൽ 45 റൺസ് അടിച്ചെടുത്തു. ഡി കോക്കിനെ പന്തിന്റെ കൈയിൽ ഒതുക്കി സ്റ്റോയിനിസാണ് പാർട്‌ണർഷിപ്പ് പൊളിച്ചത്. തുടർന്നെത്തിയ സൂര്യകുമാർ യാദവ് (20 പന്തിൽ19) നിർഭാഗ്യവശാൽ റണ്ണൗട്ടായി. ഐ.പി.എൽ ഫൈനലിലെ രണ്ടാം സെഞ്ച്വറിയുമായി നിർണായക ഘട്ടത്തിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ച ഇന്നിംഗ്സ് കളിച്ച രോഹിത് നോട്‌ജെയുടെ പന്തിൽ സബ്‌സ്റ്റിറ്ര്യൂട്ട് ലളിത് യാദവ് പിടിച്ചാണ് പുറത്തായത്. പൊള്ളാർഡിനെ (9) റബാഡയും ഹാർദ്ദിക്കിനെ (3) നോർട്ട്‌ജെയും പുറത്താക്കി. ക്രുനാൽ (1) ഇഷാനൊപ്പം പുറത്താകാതെ നിന്നു.
നേരത്തേ കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഡൽഹി തുടക്കത്തിലെ തകർച്ചയിൽ നിന്ന് ക്യാപ്ടൻ ശ്രേയസ് അയ്യരുടേയും (പുറത്താകാതെ 50 പന്തിൽ 65), റിഷഭ് പന്തിന്റേയും (38 പന്തിൽ 56) രക്ഷാപ്രവർത്തനത്തെ തുടർന്നാണ് ഭേദപ്പെട്ട ടോട്ടലിൽ എത്തിയത്. ടോസ് നേടിയ ഡൽഹി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അവരെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപ്പണറായെത്തിയ സ്റ്റോയിനിസിനെ മടക്കി ട്രെൻഡ് ബൗൾട്ട് മുംബയ്ക്ക് മേൽക്കൈ നൽകുകയായിരുന്നു. ഡി കോക്കിന് ക്യാച്ച് നൽകിയായിരുന്നു സ്റ്റോയിനിസിന്റെ മടക്കം.
പകരമെത്തിയ അജിങ്ക്യ രഹാനെയ്ക്കും (2) പിടിച്ചു നിൽക്കാനായില്ല. ബൗൾട്ടിന്റെ അടുത്ത ഓവറിൽ ഡി കോക്കിന് തന്നെ ക്യാച്ച് നൽകി രഹാനെയും മടങ്ങി. മറുവശത്ത് വിക്കറ്റ് വീഴുമ്പോഴും സ്ട്രോക്ക് പ്ലേയുമായി നന്നായി ബാറ്റ് ചെയ്യുകയായിരുന്ന ശിഖർ ധവാൻ രോഹിതിന്റെ തന്ത്രപരമായ ബൗളിംഗ് ചേയ്ഞ്ചിൽ ജയന്ത് യാദവിന് മുന്നിൽ ക്ലീൻ ബൗൾഡായതോടെ ഡൽഹി പരുങ്ങലിലാവുകയായിരുന്നു. 13 പന്തിൽ 3 ഫോറുൾപ്പെടെ 15 റൺസാണ് ധവാൻ നേടിയത്.
3/22 എന്ന നിലയിൽ വൻ പ്രതിസന്ധി മുന്നിൽക്കണ്ട ഈ ഘട്ടത്തിലാണ് ശ്രേയസും പന്തും ക്രീസിൽ ഒന്നിക്കുന്നത്. ഡൽഹി ബൗളിംഗിനെ പതറാതെ നേരിട്ട ഇരുവരും റൺറേറ്റ് താഴ്ത്താതെ ടീം സ്കോർ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും കൂട്ടിച്ചേർത്ത 96 റൺസാണ് ഡൽഹി ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 13-ാം ഓവറിൽ ഈ കൂട്ടുകെട്ട് മുംബയ്യെ 100 കടത്തി.
സീസണിലെ ആദ്യ അർദ്ധ സെഞ്ച്വറി നേടി അധികം വൈകാതെ പന്തിനെ ഹാർദ്ദിക് പാണ്ഡ്യയുടെ കൈയിൽ എത്തിച്ച് നാഥാൻ കോൾട്ടർ നില്ലാണ് കൂട്ടുകെട്ട് പൊളിച്ചത്.4 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് പന്തിന്റെ ഇന്നിംഗ്സ്. തുടർന്നെത്തിയ ഹെറ്റ്മേയർ (5), അക്സർ പട്ടേൽ (9), കഗിസോ റബാഡ (0) എന്നിവർക്ക് ഇംപാക്ട് ഉണ്ടാക്കാനായില്ല. അയ്യർ 6 ഫോറും 2 സിക്സും നേടി. മുംബയ്ക്കായി ബൗൾട്ട് മൂന്നും കോൾട്ടർ നിൽ രണ്ട് വിക്കറ്റും വീഴ്ത്തി.
ടൂർണമെന്റ് അവാർഡുകൾ
ഓറഞ്ച് ക്യാപ്- കെ.എൽ രാഹുൽ (370 റൺസ്, പഞ്ചാബ്)
പർപ്പിൾ ക്യാപ്പ് - കഗിസോ റബാഡ (30 വിക്കറ്റ്, ഡൽഹി)
എമേർജിംഗ് പ്ലെയർ- ദേവ്‌ദത്ത് പടിക്കൽ (ബാംഗ്ലൂർ)
മോസ്റ്റ് വാല്യൂബിൾ പ്ലെയർ- ജോഫ്ര ആർച്ചർ (രാജസ്ഥാൻ)
ഗെയിം ചെയ്ഞ്ചർ - രാഹുൽ (പഞ്ചാബ്)
സൂപ്പർ സ്ട്രൈക്കർ - പൊള്ളാഡ് (മുംബയ്)
കൂടുതൽ സിക്സ് - ഇഷാൻ കിഷൻ (മുംബയ്)
പവർ പ്ലെയർ- ട്രെൻഡ് ബൗൾട്ട് (മുംബയ്)
ഫൈനലിലെ മാൻ ഒഫ് ദ മാച്ച് - ട്രെൻഡ് ബൗൾട്ട് (മുംബയ്)
ഫെയർ പ്ലേ അവാർഡ് - മുംബയ് ഇന്ത്യൻസ്