ബംഗളൂരു: കത്തിയെരിയുന്ന ടണലില്‍ ബൈക്കുമായി സാഹസിക യാത്ര നടത്തി റെക്കോഡ് നേടി ഇന്ത്യന്‍ സൈന്യം. ആളിക്കത്തുന്ന ടണലിലൂടെ ഏറ്റവുമധികം ദൂരം സഞ്ചരിച്ചതിനാണ് ലോക റെക്കോഡ്. ആര്‍മി സര്‍വീസ് കോര്‍പ്പ്സിന്റെ കീഴിലുള്ള മോട്ടോര്‍സൈക്കിള്‍ സംഘമാണ് ആളിക്കത്തുന്ന ടണലിലൂടെ ബൈക്ക് ഓടിച്ചത്. ക്യാപ്റ്റന്‍ ശിവാം സിംഗിന്റെ നേതൃത്വത്തിലുള്ള മോട്ടോര്‍ സൈക്കിള്‍ സംഘമായ ടോര്‍ണാഡോസാണ് അഭ്യാസ പ്രകടനം നടത്തിയത്.
ബംഗളൂരൂവിലെ എ.എസ്.സി ഗ്രൗണ്ടിലാണ് ലോക റെക്കോഡ് നേടിയ അഭ്യാസ പ്രകടനം നടന്നത്. തീയിലൂടെ 127 മീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. ദക്ഷിണാഫ്രിക്കക്കാരുടെ പേരിലുള്ള റെക്കോഡാണ് സേന തകര്‍ത്തത്. 2014ല്‍ ആന്ദ്രെ ഡീകോക്ക്, എന്റിക്കൊ സ്‌കൂമാന്‍ എന്നിവര്‍ കുറിച്ച റെക്കോഡാണ് ശിവം സിംഗ് തിരുത്തിക്കുറിച്ചത്.
അഭ്യാസപ്രകടനത്തിനിടെ പൊളളലേറ്റ ശിവം സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ബൈക്കിനും കേടുപാടുണ്ട്. ദേശീയ അന്തര്‍ ദേശീയ തലത്തില്‍ നിരവധി റെക്കോഡുകള്‍ കുറിച്ചവരാണ് ടീം ടൊര്‍ണാഡോ. 2017ല്‍ ഒരു 500സിസി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ 58 പേര്‍ 1200 മീറ്റര്‍ സഞ്ചരിച്ച് ടൊര്‍ണാഡോ റെക്കോഡ് സൃഷ്ടിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് മാത്രം 1,000ത്തിലധികം പ്രകടനങ്ങളാണ് ടൊര്‍ണാഡോ നടത്തിയത്.