bihar-election

പാട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി ആരോപിച്ച് സി.പി.ഐ.എം.എല്ലിന് പിന്നാലെ ആർ.ജെ.ഡിയും രംഗത്ത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വോട്ടെണ്ണലിനെ സ്വാധീനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആർ.ജെ.ഡിയും കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ്.

അട്ടിമറി നടന്ന സാഹചര്യത്തിൽ വീണ്ടും വോട്ടെണ്ണൽ നടത്തണെന്നും ആർ.ജെ.ഡി ആവശ്യപ്പെട്ടു. നൂറില്‍ താഴെ ഭൂരിപക്ഷത്തോടെയാണ് നിലവില്‍ പല ബി.ജെ.പി സ്ഥാനാര്‍ഥികളും ജയിക്കുന്നത്. ഇത് ബി.ജെ.പി നടത്തുന്ന തിരിമറിയുടെ തെളിവാണെന്നും ആര്‍.ജെ.ഡി നേതാക്കൾ ആരോപിച്ചു.

വോട്ടിംഗിന്റെ അവസാന ഘട്ടത്തില്‍ ബി.ജെ.പി നേതാക്കള്‍ നിതീഷ് കുമാറുമായി കൂടികാഴ്ച നടത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആര്‍.ജെ.ഡി ആരോപിച്ചു.

നേരത്തെ സി.പി.ഐ.എം.എല്ലും തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. അതേസമയം വോട്ടെണ്ണൽ 90 ശതമാനം പൂർത്തിയാകുമ്പോൾ എൻ.ഡി.എക്ക് 122, മഹാസഖ്യം 113, മറ്റുള്ളവർ എട്ട് എന്നിങ്ങനെയാണ് ലീഡ് നില.