ipl

ദുബായ്:ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ ഫെെനൽ മത്സരത്തിൽ ഡൽഹിക്കെതിരെ മുംബയ് ഇന്ത്യൻസിന് 5 വിക്കറ്റ് വിജയം.ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടിയിരുന്നു. ഇത് പിന്തുടർന്ന മുംബയ് 5 വിക്കറ്റ് നഷ്ടത്തിൽ157 റൺസ് നേടിയാണ് വിജയിച്ചത്.

ഐ.പി.എൽ മത്സരങ്ങളിൽ ഇത് അഞ്ചാം തവണയാണ് മുംബയ് ഇന്ത്യൻസ് കിരീടം നേടുന്നത്. 2013,2015,2017,2019 എന്നീ വർഷങ്ങളിൽ മുംബയ് ഇന്ത്യൻസ് കിരീടം നേടിയിരുന്നു. ഇതോടെ തുടർച്ചയായി കിരീടം നേടുന്ന രണ്ടാമത്തെ ടീമായി മുംബയ് മാറി. 2010 ലും 2011ലും ചെന്നെെ സൂപ്പർ കിംഗ്‌സും സമാനമായ രീതിയിൽ വിജയം നേടിയിരുന്നു. മുംബയ്ക്ക് വേണ്ടി കളിച്ച ടീം ക്യാപ്‌ടൻ രോഹിത് ശർമ്മ 51 പന്തിൽ 68 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഇഷാൻ കിഷൻ 19 പന്തിൽ 33 റൺസും സൂര്യകുമാർ യാദവ് 20 പന്തിൽ 19 റൺസും നേടി.

അതേസമയം ഡൽഹിക്ക് തങ്ങളുടെ കന്നി കിരീടം എന്ന സ്വപ്‌നമാണ് മങ്ങിപോയത്. ഡൽഹിക്ക് വേണ്ടി കളിച്ച റിഷഭ്പന്ത് 38 പന്തിൽ 56 റൺസ് നേടി മികച്ച പ്രകടനം കാഴ്‌ചവച്ചു. ടീം ക്യാപ്‌ടൻ ശ്രേയസ് അയ്യർ 50 പന്തിൽ 65 റൺസും ശിഖർ ധവാൻ 13 പന്തിൽ 15 റൺസും നേടി.