പാട്ന: ബിഹാറിൽ ഒരിക്കൽ കൂടി ഭരിക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്ക് ലഭിച്ചുവെന്നറിയിച്ച് ബി.ജെ.പി നേതാവ് ഭൂപേന്ദർ യാദവ്. പാട്നയിൽ നടത്തിയ വാർത്താ സമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭൂരിപക്ഷം നേടാനായതിൽ താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്ക്കും നന്ദി വോട്ടർമാർക്കും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷം ലഭിച്ചതിൽ ബിഹാറിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ജെ.പി നദ്ദയും രംഗത്തെത്തി. 'ഈ ജനവിധിക്ക് ഞാൻ നിറഞ്ഞ ഹൃദയത്തോടെ ബിഹാറിലെ ജനങ്ങളോട് നന്ദി പറയുന്നു' എന്നാണ് അദ്ദേഹം ട്വിറ്റർ വഴി അറിയിച്ചത്. ഇതിലൂടെ ബിഹാറിൽ തങ്ങൾ വിജയിച്ചു എന്നുള്ള പ്രഖ്യാപനം തന്നെയാണ് ബി.ജെ.പി നടത്തുന്നത്.
ആരൊക്കെ തങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ച ബി.ജെ.പി നേതാവ് സംസ്ഥാനത്തെ സ്ത്രീകൾ തങ്ങൾക്ക് അനുകൂലമായാണ് വോട്ട് ചെയ്തതെന്നും പറഞ്ഞു.
എന്നാൽ ഇതുവരെ സംസ്ഥാനത്തെ 243 സീറ്റുകളിൽ 146 എണ്ണത്തിൽ മാത്രമാണ് ഫലപ്രഖ്യാപനം നടന്നതെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. ഒടുവിലെ വിവരപ്രകാരം സംസ്ഥാനത്ത് ബി.ജെ.പി 123 സീറ്റുകളിലും മഹാസഖ്യം 111സീറ്റുകളിലും മറ്റുള്ളവർ 8 സീറ്റുകളിലുമാണ് മുന്നിൽ നിൽക്കുന്നത്