തിരുവനന്തപുരം: കേരളത്തിൽ ഒരു സമുദായത്തിനുവേണ്ടി മാത്രമാണ് സംസ്ഥാനത്തിന്റെ മുഴുവൻ തുകയും ചെലവഴിക്കുന്നതെന്ന ആരോപണവുമായി മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. യു.ഡി.എഫും എല്‍.ഡി.എഫും 'ഇവര്‍'ക്കെതിരെ സംസാരിക്കുന്നതിനു പകരം 'തീവ്രവാദി'കളുമായി കൂട്ടു ചേര്‍ന്നിരിക്കുകയാണെന്നും കണ്ണന്താനം കുറ്റപ്പെടുത്തി. ബിഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു മലയാളം ചാനൽ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് കണ്ണന്താനത്തിന്റെ വിവാദ പരാമര്‍ശം.
"കോണ്‍ഗ്രസുകാരുടെ ഏറ്റവും വലിയ കൂട്ട് ആരാണ്? കമ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ കൂട്ട് ആരാണ്? തീവ്രവാദി കക്ഷികളാണ്. കേരളത്തിലെ ഒരു സമുദായത്തിന് വേണ്ടി മാത്രമാണ് സംസ്ഥാനത്തെ മുഴുവൻ തുക ചെലവഴിക്കുന്നത്. യു.ഡി.എഫും എല്‍.ഡി.എഫും ഒരു വാക്കു പോലും ഈ തീവ്രാദികള്‍ക്കെതിരെ പറയാന്‍ തയാറാകുന്നില്ല. ഇത് ഞാന്‍ പറയുന്നതല്ല. കഴിഞ്ഞ ദിവസം കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട ഒരു ആര്‍ച്ച് ബിഷപ്പ് എഴുതിയതാണ്. നിഷേധിക്കാന്‍ പറ്റുമോ? ഇവര്‍, യുഡിഎഫ് ഭരണത്തില്‍ വരുമ്പോള്‍ പ്രധാനപ്പെട്ട വകുപ്പുകള്‍, ഇന്‍ഡസ്ട്രീസ്, ഐ.റ്റി, സ്‌കൂള്‍ എഡ്യൂക്കേഷന്‍ ഏതു വകുപ്പ് വേണമെങ്കിലും എടുത്തോ. ഇതിലെ 80 ശതമാനം ഫണ്ടും പോകുന്നത് എങ്ങോട്ടാണ്? നിങ്ങള്‍ സ്‌കോളര്‍ഷിപ്പ് കൊടുക്കുന്നത് ആര്‍ക്കാ? ഒരു ബിഷപ്പ് എങ്കിലും ചോദിച്ചല്ലോ." കണ്ണന്താനം പറഞ്ഞു. ഇടതുപക്ഷത്തിനെതിരെയും കണ്ണന്താനം തുറന്നടിച്ചു. ഇടതുപക്ഷത്തിന് തീവ്രവാദികള്‍ക്കെതിരെ ശബ്ദം ഉയർത്താൻ പേടിയാണെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.
ബിഹാർ തിരഞ്ഞെടുപ്പിൽ അസദ്ദുന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം മുസ്ലീം വോട്ടുകളില്‍ ബി.ജെ.പി ധ്രുവീകരണമുണ്ടാക്കിയെന്ന സി.പി.എം നേതാവ് എ. വിജയരാഘവന്റെയും കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥിന്റെയും പരാമര്‍ശങ്ങള്‍ക്ക് മറുപടി നൽകുകയായിരുന്നു കണ്ണന്താനം.