km-shaji

കൊച്ചി: അഴീക്കോട്‌ സ്‌കൂളിലെ പ്ലസ്‌ടു കോഴ ആരോപണത്തില്‍ കെ.എം ഷാജി എം.എല്‍.എയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. 14 മണിക്കൂറിലേറെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് എം.എല്‍.എയെ ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യൽ നാളെയും തുടരും.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മതിയായ രേഖകൾ ഇ.ഡിക്ക് മുമ്പാകെ സമർപ്പിച്ചെന്നും ചോദ്യം ചെയ്യൽ സൗഹാർദ്ദപരമായിരുന്നുവെന്നും കെ.എം ഷാജി പറഞ്ഞു. എൻഫോഴ്സ്മെന്റ് വിശ്വാസ്യതയുള്ള ഏജൻസിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെടുത്താനുള്ള കടമ തനിക്കുണ്ടെന്നും എം.എൽ.എ പറഞ്ഞു. ചോദ്യം ചെയ്യൽ കഴി‌ഞ്ഞതിന് ശേഷമം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഴീക്കോട്‌ സ്‌കൂളില്‍ പ്ലസ്‌ ടു അനുവദിക്കാന്‍ കെ.എം ഷാജി എം.ല്‍.എ 25 ലക്ഷം രൂപ കോഴ വാങ്ങിയതായാണ് ‌ ആരോപണം. കേസുമായി ബന്ധപ്പെട്ട്‌ നേരത്തെ മുസ്ലീം ലീഗ്‌ ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്‌, ലീഗ്‌ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ കരീം എന്നിവരുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. ഷാജിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും കോഴിക്കോട് ‌ വേങ്ങേരിയിലെ വീട്‌ നിര്‍മാണത്തെക്കുറിച്ചും കഴിഞ്ഞ ദിവസം ഇ.ഡി ഷാജിയുടെ ഭാര്യയില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എയെ ഇ.ഡി ചോദ്യം ചെയ്‌തത്.