ന്യൂഡൽഹി: എൻ.ഡി.എയെ അധികാരത്തിലേക്ക് ഉയർത്തിയതിന് ബിഹാറിലെ ജനങ്ങൾക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അനുഗ്രഹത്തോടെ ബിഹാറിൽ ജനാധിപത്യം ഒരിക്കൽകൂടി വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ എൻ.ഡി.എ പ്രവർത്തകരുടെ അർപ്പണബോധവും ദൃഢനിശ്ചയവും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം ഒന്നിൽ കൂടുതൽ ട്വീറ്റുകളിലൂടെ വ്യക്തമാക്കി. പാർട്ടി, മുന്നണി പ്രവർത്തകരെ അഭിനന്ദിക്കുന്നതായും ജനങ്ങൾക്ക് താൻ തന്റെ ഹൃദയം നിറഞ്ഞുള്ള നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു.
'സ്വയംപര്യാപ്ത ബിഹാറിലെ സഹോദരിമാരും പെൺമക്കളും ഇത്തവണ റെക്കോർഡ് നിലയിൽ വോട്ടുകൾ രേഖപ്പെടുത്തിയത് സംസ്ഥാനത്ത് തങ്ങളുടെ പ്രാധാന്യം എത്രത്തോളം വലുതാണെന്ന് കാണിക്കുന്നതിന് വേണ്ടിയാണ്. ബിഹാറിലെ മാതൃ ശക്തിക്ക് പുതിയ ആത്മവിശ്വാസം നൽകുന്നതിന് ഒരവസരം കൂടി ലഭിച്ചതിൽ എൻ.ഡി.എയ്ക്ക് സംതൃപ്തിയുണ്ട്. ബിഹാറിനെ മുന്നോട്ട് നയിക്കുന്നതിൽ ഈ ആത്മവിശ്വാസം ഞങ്ങളെ സഹായിക്കും.'-മോദി പറയുന്നു.
'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്' എന്ന എൻ.ഡി.എയുടെ 'മന്ത്ര'ത്തിൽ ബിഹാറിലെ നാനാതുറകളിൽ പെട്ട എല്ലാവരും വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹ പറയുന്നു. ബിഹാറിലെ ഓരോ ആളിന്റെയും ഓരോ പ്രദേശത്തിന്റെയും തുല്യമായ വികസനത്തിന് പൂർണമായ അർപ്പണബോധത്തോടെ എൻ.ഡി.എ സർക്കാർ പ്രവർത്തിക്കുമെന്ന് താൻ ബിഹാറിലെ ജനങ്ങൾക്ക് വീണ്ടും ഉറപ്പ് നൽകുന്നതായും മോദി പറഞ്ഞു. ബിഹാറിലെ യുവത്വം മുൻപത്തേക്കാളും നന്നായി പ്രവർത്തിക്കാൻ എൻ.ഡി.എയ്ക്ക് പ്രചോദനമാകുമെന്നും മോദി പറഞ്ഞു.