ന്യൂഡൽഹി:കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ വിൽക്കുന്നതിനായി കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തിവരുന്നതായി യു.എസ് ഫാർമ കമ്പനി ഫെെസർ അറിയിച്ചു. ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിന് ഇത് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഫൈസർ ഇന്ത്യൻ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷം 50 ദശലക്ഷം കൊവിഡ് വാക്‌സിൻ ഡോസുകളും അടുത്ത വർഷം 1.3 ബില്ല്യൺഡോസുകളും കമ്പനി പുറത്തിറക്കുമെന്നും ഫൈസർ അറിയിച്ചു. വാക്‌സിൻ നിർമാണം വിജയിച്ചു കഴിഞ്ഞാൽ വിതരണ കരാറുകളിൽ ഏർപ്പെട്ട രാജ്യങ്ങളിൽ ലഭ്യമായ ഡോസുകൾ നൽകുമെന്നും ഫെെസർ വക്താവ് പറഞ്ഞു.
യു.എസ് ഫാർമ കമ്പനിയായ ഫെെസറും ജർമൻ മരുന്ന് കമ്പനിയായ ബയേൺടെക്കും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഫെെസർ ഇതുവരെ ഇന്ത്യയിലെ ഒരു കമ്പനിയുമായും വിതരണ കരാറിൽ ഏർപ്പെട്ടിട്ടില്ല. അതേസയം ആർ.എൻ.എ വാക്‌സിൻ ലഭ്യമാകുന്നതിനായി ഫെെസറുമായി ചർച്ച നടത്തിവരികയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.