പട്ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായി.ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ എന്‍.ഡി.എ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. 243 അംഗ സഭയില്‍ 125 സീറ്റുകളാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം നേടിയത്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകൾ മതി.
NDA gets majority in Bihar Assembly polls as EC announces results
— ANI Digital (@ani_digital) November 10, 2020
Read @ANI Story | https://t.co/Xse2xnj6yA pic.twitter.com/8GqWB3jIcY
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് വോട്ടെണ്ണൽ പൂർത്തിയായത്.മഹാമുന്നണി 110 സീറ്റുകളിലൊതുങ്ങി. എന്നാൽ 75 സീറ്റുകൾ നേടി ആർ.ജെ.ഡി എറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പി 74 സീറ്റുകളോടെ തൊട്ടു പിന്നിലെത്തി. അതേസമയം, നിതീഷ് കുമാറിന്റെ പാർട്ടിയായ ഐക്യ ജനതാദൾ വലിയ തകർച്ചയാണ് നേരിട്ടത്. അവർക്ക് വെറും 43 സീറ്റേ നേടാനായുള്ളൂ.എൻ.ഡി.എ ഭരണം നിലനിറുത്തിയതോടെ നിതീഷ് കുമാർ അഞ്ചാം തവണയും മുഖ്യമന്ത്രിയാകാൻ വഴിയൊരുങ്ങി. നിതീഷിന്റെ പാർട്ടിയേക്കാൾ 30ലേറെ സീറ്റ് നേടിയെങ്കിലും ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടാനിടയില്ല.
അധികാരത്തിനായി എങ്ങോട്ടും ചാടാൻ മടിയില്ലാത്ത നിതീഷ് മുഖ്യമന്ത്രിക്കസേര കിട്ടുമെന്നായാൽ തേജസ്വിക്കൊപ്പം ചേരാനും മടിക്കില്ല. അതിനാൽ, നിതീഷിനെ അടുത്ത അഞ്ചു കൊല്ലം കൂടി മുഖ്യമന്ത്രിയായിരുത്തി 2025ൽ ഒറ്റയ്ക്ക് ഭരണം പിടിക്കുന്ന നിലയിൽ ബീഹാറിൽ പാർട്ടിക്കോട്ട ഉയർത്താനാവും ബി.ജെ.പിയുടെ പദ്ധതി.ലീഡ് നില മാറിമറിഞ്ഞ സീറ്റുകളിൽ റീകൗണ്ടിംഗ് വേണ്ടിവന്നു. നിരവധി സീറ്റുകളിൽ ഇരു മുന്നണികളും തമ്മിലുള്ള വ്യത്യാസം ആയിരം വോട്ടുകളിൽ താഴെയാണ്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം വോട്ടെണ്ണൽ മന്ദഗതിയിലായതിനാലാണ് ഫലപ്രഖ്യാപനം വൈകിയത്.
കഴിഞ്ഞ നിയമസഭയിൽ 81 സീറ്റുമായി ആർ.ജെ. ഡിയായിരുന്നു വലിയ ഒറ്റക്കക്ഷി. മഹാസഖ്യത്തിൽ ഘടകകക്ഷിയായ കോൺഗ്രസ് 19ൽ ഒതുങ്ങി. എട്ട് സീറ്റ് നഷ്ടമായി. സഖ്യത്തിന്റെ ഭാഗമായ ഇടതുപാർട്ടികൾ വൻ നേട്ടമുണ്ടാക്കി. സി.പി.ഐ (എം.എൽ) 12 സീറ്റിലും സി.പി.എമ്മും സി.പി.ഐയും രണ്ടുവീതം സീറ്റിലും ജയിച്ചു.
എൻ.ഡി.എയിൽ ബി.ജെ.പിയാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തവണ 53 സീറ്റായിരുന്നു. ഭരണവിരുദ്ധ വികാരം നേരിട്ട ഐക്യദളിന് സിറ്റിംഗ് സീറ്റുകൾ അടക്കം 28 സീറ്റുകൾ നഷ്ടമായി. കഴിഞ്ഞ തവണ 70 സീറ്റുണ്ടായിരുന്നു. 30 സീറ്റുകളിലെങ്കിലും ജെ.ഡി.യുവിന്റെ പരാജയം ഉറപ്പാക്കിയ രാഷ്ട്രീയക്കളി നടത്തിയ ചിരാഗ് പാസ്വാന്റെ എൽ.ജെ.പിക്കു ഒരു സീറ്റുമാത്രമാണ് കിട്ടിയത്. മഹാമുന്നണിയുടെ വോട്ടു ഭിന്നിപ്പിച്ച അസദുദ്ദീൻ ഓവൈസിയുടെ ഐ.ഐ.എം.ഐ.എം അഞ്ചിടത്ത് ജയിച്ചു.