ബംഗളൂരു: ലഹരിമരുന്നു കേസിൽ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കും. ബിനീഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയിൽ ഹാജരാക്കും. ഇഡി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ സാദ്ധ്യതയില്ലെന്നാണ് സൂചന.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ന് ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചേക്കും.അനൂപ് മുഹമ്മദ് ഉൾപ്പെടെയുള്ള ബംഗളുരു ലഹരി മരുന്ന് ഇടപാട് കേസിലെ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ബിനീഷിനെ ചോദ്യം ചെയ്യണെന്നാണ് എന്‍.സി.ബി. ആവശ്യപ്പെടുന്നത്.
പന്ത്രണ്ട് ദിവസമായി ബിനീഷ് ഇഡിയുടെ കസ്റ്റഡിയിലാണ്. ഇതിനിടയിൽ അന്വേഷണ സംഘം ബിനീഷിന്റെ വീട്ടിൽ റെയിഡും നടത്തിയിരുന്നു. വീട്ടിൽ നിന്നും കണ്ടെത്തിയ അനൂപ് മുഹമ്മദിന്റെ എ.ടി.എം കാർഡുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യൽ.
അതേസമയം കേസിൽ മുഖ്യ പങ്കുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്ന തിരുവനന്തപുരത്തെ ബിനാമി കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിനീഷിനെയും ലത്തീഫിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാണ് ഇ.ഡി പറയുന്നത്.