bihar-election

പ‌ട്‌ന: ബീഹാർ വോട്ടെണ്ണലിൽ ക്രമക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ മഹാസഖ്യം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. പട്‌ന ഹൈക്കോടതിയെയോ, സുപ്രീം കോടതിയേയോ സമീപിക്കാനാണ് നേതാക്കളുടെ ആലോചന. നിയമവിദഗദ്ധരുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് ആർ ജെ ഡി നേതാക്കൾ വ്യക്തമാക്കി.

ബീഹാർ വോട്ടെണ്ണലിൽ അട്ടിമറി ശ്രമം നടക്കുന്നതായി ആർ ജെ‍‍ ഡ‍ി ഇന്നലെ രാത്രി തന്നെ പരാതിപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷേധിക്കുകയും ചെയ്‌തു. കോൺഗ്രസും സമാന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിജയിച്ചുവെന്ന് ആദ്യം അറിയിച്ച സ്ഥാനാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ വൈകുകയും പിന്നീട് തോറ്റെന്ന് അറിയിക്കുകയും ചെയ്‌തുവെന്നാണ് രൺദീപ് സിംഗ് സുർജേവാല ഉൾപ്പടെയുളള നേതാക്കൾ പറയുന്നത്.

മൂന്ന് സീറ്റുകളിൽ റീക്കൗണ്ടിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടതുപാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഭോരെ, അറാ, ദരൗന്ദാ നിയോജക മണ്ഡലങ്ങളിൽ റീ കൗണ്ടിംഗ് നടത്തണമെന്നാണ് ആവശ്യം. വളരെ കുറഞ്ഞ മാർജിനിലാണ് ഇവിടെ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടിരിക്കുന്നതെന്നും വോട്ടെണ്ണൽ മാനദണ്ഡങ്ങളിൽ വീഴ്‌ചയുണ്ടെന്നുമാണ് പരാതി.

അതേസമയം 125 സീറ്റുകൾ നേടി അധികാരം എൻ ഡി എ അധികാരം ഉറപ്പിച്ചിട്ടുണ്ട്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാൻ വേണ്ടിയിരുന്നത്. മഹാസഖ്യം 110 സീറ്റുകളാണ് നേടിയത്. 75 സീറ്റ് നേടിയ ആർ ജെ ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആർ ജെ ഡി നേടിയിരുന്നത്. തൊട്ടുപിന്നിൽ 74 സീറ്റുമായി ബി ജെ പി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജെ ഡി യു 43 സീറ്റുകൾ മാത്രമാണ് നേടിയത്.