കോട്ടയം: സീനിയർ സിവിൽ പൊലീസ് ഓഫീസർ മിനി സർവീസ് റിവോൾവർ തൂത്ത് തുടച്ച് വൃത്തിയാക്കുന്നതിനിടെയാണ് കാതടച്ചുള്ള ശബ്ദം കേട്ടത്. സ്റ്റേഷനിൽ പരാതി പറയാൻ വന്നയാൾ ബോധംകെട്ട് താഴെക്കിടപ്പുണ്ട്. ഒരു നിമിഷം ആർക്കും കാര്യം മനസിലായില്ലെങ്കിലും തോക്ക് അലക്ഷ്യമായി ഉപയോഗിച്ചതിന് ആ പൊലീസുകാരന്റെ പണി തെറിച്ചു. 'ആക്ഷൻ ഹീറോ ബീജു' എന്ന സിനിമയിലെ നർമ രംഗങ്ങളിൽ ഒന്നായിരുന്നു ഇതെങ്കിൽ, ഇന്നലെ കോട്ടയം മിനി സിവിൽ സ്റ്റേഷനിലെ തഹസിൽദാർ ഓഫീസിന് മുന്നിലും സമാനമായ സംഭവം നടന്നു.
ആലപ്പുഴയിലെ ബാറുടമ തെള്ളകം മാടപ്പാട്ട് ബോബൻ തോമസ് തന്റെ പിസ്റ്റളിന്റേയും ഡബിൾ ബാരൽ തോക്കിന്റെയും ലൈസൻസ് പുതുക്കിയതിന് ശേഷമുള്ള പരിശോധനയ്ക്ക് തഹസിൽദാർക്ക് മുന്നിലെത്തിയതാണ്. തോക്ക് ഹാജരാക്കും മുൻപ് തിരകൾ ഒഴിവാക്കണമെന്ന് സെക്ഷൻ ക്ലാർക്ക് അനീഷ് പറഞ്ഞതനുസരിച്ച് ഓഫീസിന് മുന്നിൽ വച്ച് അവ മാറ്റാൻ ഒരുങ്ങുകയും ഇടിമുഴക്കം പോലൊരു ശബ്ദം. ഓഫീസിന്റെ തൂണിന്റെ ഒരറ്റം തുളച്ച് വെടിയുണ്ട ചീറിപ്പാഞ്ഞു. പ്രാണൻ പോയ പ്രതീതിയിൽ അനീഷ് അലറിക്കരഞ്ഞു. തിരിഞ്ഞു നോക്കുമ്പോൾ പരിസരം ഉദ്യോഗസ്ഥരാൽ നിറഞ്ഞു. കാബിനിൽ നിന്ന് പുറത്തിറങ്ങിയ തഹസിൽദാർ ജി.രാജേന്ദ്രബാബു കുലുക്കി വിളിച്ചപ്പോഴാണ് അനീഷിന്റെ മരവിപ്പ് മാറിയത്.
സ്വയരക്ഷക്കായി ബോബൻ തോമസ് ഉപയോഗിക്കുന്ന തോക്കാണ് അബദ്ധത്തിൽ പൊട്ടിയത്. ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സംഭവം. ഒരു മണിയോടെ ഇതുവഴിയാണ് ഊണ് കഴിക്കാൻ കൈകഴുകാനായി ഉദ്യോഗസ്ഥർ പോവുക. അങ്ങനെയെങ്കിൽ സംഗതി കാര്യമായേനെ. എന്തായാലും തോക്ക് പരിശോധിക്കാൻ തഹസിൽദാർ തയ്യാറായില്ല. തോക്കിന് എന്തോ തകരാറുണ്ടെന്നായിരുന്നു ബോബന്റെ കമന്റ്. ഇനി തോക്ക് ശരിയാക്കി കൊണ്ടുവന്നാലും ഉപയോഗിക്കാൻ അറിയാത്തയാൾക്ക് ലൈസൻസ് നൽകരുതെന്ന റിപ്പോർട്ട് നൽകുമെന്ന് രാജേന്ദ്രബാബു പറഞ്ഞു.