davood-ibrahim

മുംബയ്: അധോലോക നായകനും ഇന്ത്യ തേടുന്ന ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളുമായ ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്‌ട്രയിലെ വസ്‌തുവകകൾ ലേലത്തിൽ വിറ്റു. ദാവൂദ് ജനിച്ചുവളർന്ന രത്നഗിരിയിലെ ആറു വസ്‌തു വകകളാണ് ലേലത്തിൽ വിറ്റത്. ഇതിൽ നാലെണ്ണം ഡൽഹിയിലെ അഭിഭാഷകനായ ഭൂപേന്ദ്ര ഭരദ്വാജും രണ്ടെണ്ണം അഭിഭാഷകനായ അജയ് ശ്രീവാസ്‌തവയും സ്വന്തമാക്കി.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി വെർച്വൽ ലേലമാണ് നടന്നത്. സ്‌മ‌ഗ്ലേഴ്‌സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപുലേറ്റേഴ്സ് അതോറിറ്റി (എസ് എ എഫ് ഇ എം എ)യുടെ നേതൃത്വത്തിലായിരുന്നു ലേലം നടന്നത്. ലേലത്തിന് അഭൂതപൂർവ്വമായ പ്രതികരണമാണ് ലഭിച്ചതെന്ന് എസ് എ എഫ് ഇ എം എ അഡീഷണൽ കമ്മിഷണർ ആർ എൻ ഡിസൂസ വ്യക്തമാക്കി.

1.89 ലക്ഷം മുതൽ 5.35 ലക്ഷം വരെയാണ് രണ്ടു വസ്‌തുക്കൾക്ക് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ലഭിച്ചത് 4.3 ലക്ഷം രൂപ മുതൽ 11.2 ലക്ഷം വരെയാണ്. മറ്റു വസ്‌തു വകകളെല്ലാം അടിസ്ഥാനവിലയ്‌ക്കാണ് ലേലത്തിൽ പോയത്. അതേസമയം ദാവൂദിന്റെ പേരിലുളള ഏഴാമത്തെ വസ്‌തുവിന്റെ ലേലം നടത്താനായില്ല. ചില സാങ്കേതിക കാരണങ്ങളാലാണ് ഈ ലേലം നടത്താൻ സാധിക്കാതിരുന്നത്.

ലേലത്തിൽ ദാവൂദിന്റെ പേരിലുളള രണ്ട് വസ്‌തു വകകൾ സ്വന്തമാക്കിയ അജയ് ശ്രീവാസ്‌തവ ദാവൂദ് ഇബ്രാഹിമിന്റേയും അദ്ദേഹവുമായി അടുപ്പമുളളവരുടേയും വസ്‌തു വകകൾ നേരത്തെയും ലേലത്തിൽ പിടിച്ചിട്ടുണ്ട്. ശിവസേനയുമായി അടുത്ത ബന്ധമുളളയാളാണ് അജയ് ശ്രീവാസ്‌തവ.

രണ്ടായിരത്തിലാണ് ആദ്യമായി ദാവൂദിൽനിന്ന് പിടിച്ചെടുത്ത 11 വസ്‌തുവകകൾ ലേലം ചെയ്‌തത്. പരിപാടി സംഘടിപ്പിച്ച കൊളാബയിലെ ഡിപ്ലോമാറ്റ് ഹോട്ടലിൽ ദിവസം മുഴുവൻ ഉദ്യോഗസ്ഥർ കാത്തിരുന്നെങ്കിലും ആരും ലേലം വിളിക്കാൻ തയ്യാറായില്ല. "ദാവൂദ് കറാച്ചിയിൽ താമസിക്കുന്നു, പക്ഷേ മുംബയിൽ ഇപ്പോഴും അയാളെ ഭയക്കുന്നവരുണ്ട്. അതുകൊണ്ടാണ് ദാവൂദിന്റെ വസ്‌തുവകകൾ ലേലം പിടിക്കാൻ ആരും ധൈര്യപ്പെടാതിരുന്നത്" എന്നാണ് അന്ന് മാദ്ധ്യമങ്ങൾ എഴുതിയത്. ഈ വാർത്ത കണ്ടുകൊണ്ടാണ് അഭിഭാഷകനായ അജയ് ശ്രീവാസ്‌തവ ആദ്യമായി ലേലത്തിൽ പങ്കെടുക്കാൻ എത്തിയത്. ഡൽഹിയിൽ ഇന്ത്യ-പാക് മത്സരത്തിനെതിരെ പ്രതിഷേധിക്കാൻ ഫിറോസ് ഷാ കോട്ലയിലെ പിച്ച് കുഴിച്ചതിലൂടെ അദ്ദേഹം അറസ്റ്റിലായിട്ടുണ്ട്.

ദാവൂദ് ഇബ്രാഹിമിനെ ഭയക്കേണ്ട ആവശ്യമില്ലെന്ന സന്ദേശം നൽകാനാണ് താൻ ഈ പ്രവർത്തി ചെയ്യുന്നതെന്നാണ് അജയ് ശ്രീവാസ്‌തവയുടെ വിശദീകരണം. ഭീകരതെക്കെതിരെ പോരാടാൻ നമ്മുടെ കേന്ദ്ര ഏജൻസികളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം അധോലോക നേതാവ് ഇഖ്ബാൽ മിർച്ചിയുടെ പേരിലുളള മൈൽട്ടൺ അപ്പാർട്ട്മെന്റ് ലേലത്തിൽ വച്ചിരുന്നെങ്കിലും സ്വന്തമാക്കാനായി ആരും വന്നിരുന്നില്ല.