ചേർത്തല: 'ചെണ്ടമേളം പ്രോഗ്രാം ലഗേജ്' എന്ന ബോർഡോടുകൂടി, ദേശീയപാതയോരത്ത് ഏറെ നേരം നിറുത്തിയിട്ടിരുന്ന മിനി ബസ് പരിശോധിച്ച എക്സൈസ് സംഘം കണ്ടെത്തിയത് 1750 ലിറ്റർ സ്പിരിറ്റ് ! പരിശോധകസംഘത്തെ കണ്ട് ബസിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ചേർത്തല റെയിൽവേ സ്റ്റേഷനുസമീപമാണ് സംഭവം. എക്സൈസ് ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തിയത്.
'കാളിദാസൻ' എന്നാണ് പിടികൂടിയ ബസിന്റെ പേര്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ സീറ്റുകൾക്കടിയിലും ഡിക്കിയിലുമായി 35 ലിറ്ററിന്റെ 50 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.ഉടമയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ ആർ.ബിജുകുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ കെ.അജയൻ, പ്രിവന്റീവ് ഓഫീസർ എൻ.പ്രസന്നൻ, കെ.ജയകൃഷ്ണൻ,എച്ച്. മുസ്തഫ, എൻ.പി.അരുൺ, ടി.ഡി.ദീപു, എസ്.ജിനു, വി.പ്രമോദ്,വി.വർഗീസ് പയസ്, ഡ്രൈവർ കെ.പി.ബിജു എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.