auto

പതിനഞ്ചു തികഞ്ഞ ഡീസൽ ഓട്ടോകൾക്ക് വരുന്ന ജനുവരി ഒന്നു മുതൽ നിരത്തിൽ നിന്നും ഗുഡ്‌ബൈ. അഥവാ ഇനി ഓടിക്കണമെന്നുണ്ടെങ്കിൽ വൈദ്യുത വാഹനമാക്കുകയോ, എൽ.പി.ജി (ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ്), സി.എൻ.ജി (കംപ്രസ്ഡ് നാച്ച്യുറൽ ഗ്യാസ്), എൽ.എൻ. ജി (ലിക്ക്യുഫൈഡ് നാച്ചുറൽ ഗ്യാസ്) എന്നിവയിലേയ്ക്ക് മാറ്റുകയോ വേണം. 1988 ലെ മോട്ടോർ കേന്ദ്ര മോട്ടോർ വെഹിക്കിൾ ആക്റ്റിൽ വരുത്തിയ ഭേദഗതി പ്രകാരമാണ് തീരുമാനം. ചട്ടം നിലവിൽ വതോടെ പതിനായിരക്കണക്കിന് ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ജീവനോപാധി നഷ്ടമാകും.

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഡീസൽ ഓട്ടോറിക്ഷകൾക്കാണ് നിയമം ബാധകമാകുക. ജനുവരി ഒന്നോടെ ഈ ഓട്ടോകളുടെ പെർമിറ്റ് റദ്ദാക്കും. 2002ലാണ് കേരളത്തിൽ ഡീസൽ ഓട്ടോറിക്ഷകൾ എത്തിയത്. നിരോധനം പ്രാബല്യത്തിലാകുതോടെ 2005 വരെയുള്ള എല്ലാ ഡീസൽ ഓട്ടോറിക്ഷകളും സർവീസ് നിർത്തേണ്ടിവരും.

ചിലവ് കൂടുതൽ

ഇന്ധനം മാറ്റാണമെങ്കിലും വൻതുക കണ്ടെത്തണം. ഡീസൽ ഓട്ടോകൾ വൈദ്യുതി, എൽ.പി.ജി, സി.എൻ.ജി., എൽ.എൻ.ജി. എന്നിവയിലേക്ക് മാറ്റിയാൽ സർവീസ് നടത്താം. എന്നാൽ സി.എൻ.ജി.യിലേക്ക് മാറ്റുന്നതിന് ഒരു ലക്ഷം രൂപയോളം ചിലവ് വരും. എൽ.പി.ജി. ഉപയോഗിക്കുന്നതും ചിലവ് കൂടുതലാണ്. വൈദ്യുതി ഉപയോഗിക്കാമെങ്കിലും ഇതിനാവശ്യമായ കിറ്റുകളോ ചാർജിംഗ് സ്‌റ്റേഷനുകളോ ആവശ്യത്തിന് ലഭ്യമല്ല. ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ബാറ്ററിക്ക് 80,000 രൂപയോളം ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു ചെലവുകളെല്ലാംകൂടി 50,000 രൂപയോളമാകും. രണ്ടു ലക്ഷം രൂപ മുടക്കിയാൽ പുതിയ ഓട്ടോ വാങ്ങാൻ സാധിക്കുമെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു.

6000 രൂപ വരെ പിഴ

ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ച് പരിസ്ഥിതിക്ക് ദോഷകരമാകാത്ത വിധമുള്ള വാഹനങ്ങൾക്ക് മാത്രം അനുമതി നല്കുന്നതിനാണ് നടപടി. നിരോധിച്ചശേഷം ഇത്തരം ഓട്ടോറിക്ഷകൾ ടാക്സി ആയിട്ട് ഓടിയാൽ 6000 രൂപവരെ പിഴയീടാക്കും. ശേഷം ഇവ പിടിച്ചെടുത്ത് പൊളിച്ച് ലേലം ചെയ്യുമെന്ന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.