കൊച്ചി: രാത്രികാലങ്ങളിൽ കാറിൽ കറങ്ങി പണവും മൊബൈൽ ഫോണും പിടിച്ചുപറിക്കുന്ന സംഘത്തിലെ പ്രധാനിയായ എറണാകുളം ഉദയാകോളനി സ്വദേശി മഹീന്ദ്രനെ (22) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ ഒമ്പതിന് പുലർച്ചെ നാലുമണിക്ക് ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി കൊച്ചിയിലേക്ക് ബസിൽ എത്തിയതായിരുന്നു യുവാവ്. കലൂർ സ്റ്റാൻഡിൽ ഇറങ്ങി മുൻവശമുള്ള വെയിറ്റിംഗ് ഷെഡിൽ വിശ്രമിക്കവേ കാറിൽ എത്തിയ പ്രതി യുവാവിനെ തടഞ്ഞു നിറുത്തി പണം ആവശ്യപ്പെടുകയായിരുന്നു. എതിർത്തപ്പോൾ 1000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സി.ഐ സിബി ടോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.