കൊച്ചി: പെരുമ്പാവൂരിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. പെരുമ്പാവൂരിന് സമീപം പാലക്കാട് താഴത്ത് ഇന്നുപുലർച്ചെയായിരുന്നു സംഭവം. ആദിൽഷാ എന്നയാൾക്കാണ് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുളളതാണെന്നാണ് വിവരം. തണ്ടേക്കാട് സ്വദേശി നിസാറാണ് പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചത്.
ആദിൽഷായും നിസാറും തമ്മിൽ നേരത്തേ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ സംഭവം. നമ്പരില്ലാത്ത ഫോർച്യൂണർ കാറിലെത്തിയ നിസാറും സംഘവും ആദ്യം ആദിൽഷായെ മർദ്ദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്നാണ് വെടിവച്ചത്. പരിക്കേറ്റ ആദിൽഷായെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. നിസാറിനും സംഘത്തിലുണ്ടായിരുന്നവർക്കുംവേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇരുസംഘങ്ങളും തമ്മിലുളള തർക്കത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്.