കൊച്ചി: വീഡിയോയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബറെ മർദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടു പ്രതികളായ ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർക്ക് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം.
ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും നടപടി നിയമം കൈയിലെടുക്കലാണെന്നും, ഇതിനോടു യോജിപ്പില്ലെങ്കിലും പ്രതികളെ ഒരു പാഠമെന്ന നിലയിൽ ജയിൽ ശിക്ഷയുടെ രുചി അറിയിക്കേണ്ട സാഹചര്യമില്ലെന്നാണ് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്.പരിഷ്‌കൃത സമൂഹത്തിൽ നിയമം കൈയിലെടുക്കുന്ന പ്രവൃത്തികൾക്ക് സ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന കാരണം കൊണ്ടുമാത്രം മുൻകൂർ ജാമ്യം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യം കോടതിയെ ബോദ്ധ്യപ്പെടുത്താൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ലാപ്‌ടോപ്പ് ഉൾപ്പെടെ കവർന്നെന്ന് ആരോപണമുണ്ടെങ്കിലും പ്രതികൾ ഇവ പൊലീസിനു കൈമാറിയിരുന്നു. ദൃശ്യങ്ങൾ പകർത്താൻ പ്രതികൾ ഉപയോഗിച്ച ഫോണുകൾ കണ്ടെടുക്കേണ്ടതുണ്ടെങ്കിലും ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വിടേണ്ട കാര്യമില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ഇതാവശ്യപ്പെട്ടാൽ ഹാജരാക്കാൻ പ്രതികൾക്ക് ബാദ്ധ്യതയുണ്ട്. ഒന്നാം പ്രതി ഒരു സെലിബ്രിറ്റിയും മറ്റുള്ളവർ സാമൂഹ്യ പ്രവർത്തകരുമാണ്. ഇവർ നിയമം കൈയിലെടുത്തതിനോടു യോജിപ്പില്ല. എന്നാലിതിന്റെ പേരിൽ തടവിലാക്കണമെന്ന നിലപാട് കോടതിക്കില്ല-കോടതി പറഞ്ഞു.
വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയും കൂട്ടരും വാദിച്ചത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് വിജയ് പി നായരും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മുറിയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ മോഷ്ടിക്കുകയും മർദ്ദിക്കുകയും ചെയ്ത പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു വിജയ് പി നായരുടെ വാദം. കേസിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിരുന്നു.
നേരത്തേ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് കോടതി തളളിയിരുന്നു. ഇതിനെത്തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് ഒത്തുതീർപ്പ് ചർച്ചയ്ക്കുവേണ്ടിയാണ് വിജയ്.പി നായരുടെ താമസസ്ഥലത്തു പോയതെന്നാണ് പ്രതികൾ ജാമ്യഹർജിയിൽ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ സെപ്തംബർ 26നായിരുന്നു പ്രതികൾ വിജയ് പി നായരെ ആക്രമിച്ചത്.